കൊടകര കേസ് ബെംഗളൂരു കുഴൽപ്പണ റാക്കറ്റിലേക്ക്
Mail This Article
കൊച്ചി∙ കൊടകര കുഴൽപ്പണക്കവർച്ചക്കേസ് അന്വേഷണം ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ റാക്കറ്റിലേക്ക്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിക്കൂട്ടിലായതോടെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തടിതപ്പിയതു കേരളത്തിലെ വൻകിട കുഴൽപ്പണ ഇടപാടുകാരാണ്.
കൊടകര കുഴൽപ്പണ കേസിലെ മുഖ്യസാക്ഷി ധർമരാജൻ കൊല്ലം കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ അടുത്തയാളായിരുന്നു. പിന്നീടാണു ധർമ്മരാജൻ കുഴൽപ്പണ റാക്കറ്റിലെത്തിയതെന്നാണു പൊലീസ് റിപ്പോർട്ടിലുള്ളത്. കുഴൽപ്പണം കടത്തുന്നതിനു മറയായി സപ്ലൈകോയുടെ വിതരണക്കരാറും ധർമ്മരാജനും സംഘവും ഏറ്റെടുത്തിരുന്നു.
ശർക്കരയും റാഗിയുമാണ് ഇവർ കൂടുതലായി വിതരണം ചെയ്തിരുന്നത്. ശർക്കര പൊള്ളാച്ചിയിൽ നിന്നും റാഗി മൈസൂരുവിൽ നിന്നുമാണു കൊണ്ടുവരുന്നത്. ലോറികളിൽ കോടികളുടെ കുഴൽപ്പണമാണ് ഒളിച്ചുകടത്തിയത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കരിങ്കൽ വിതരണ കരാറും ധർമ്മരാജൻ ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിലെ കള്ളപ്പണ ഇടപാടുകൾക്കു ‘10 രൂപ ടോക്കൺ’ കൊണ്ടുവന്നതു ധർമ്മരാജനും സംഘവുമാണ്. ധർമ്മരാജൻ കള്ളപ്പണ റാക്കറ്റിനു കൈമാറുന്ന 10 രൂപ നോട്ടിന് ഒരു കോടി രൂപയാണു മൂല്യം നിശ്ചയിച്ചിരുന്നത്. ധർമ്മരാജൻ കൈവശമുള്ള 10 രൂപ നോട്ടിന്റെ ചിത്രം ബെംഗളൂരുവിലെ കള്ളപ്പണ റാക്കറ്റിനു ഫോണിൽ അയച്ചു കൊടുക്കും. ചിത്രത്തിലെ അതേ സീരിയൽ നമ്പറുള്ള നോട്ട് റാക്കറ്റിന്റെ ഏജന്റിനു നൽകിയാൽ ഒരു കോടിരൂപയുടെ കുഴൽപ്പണം കൈമാറും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു കൂടുതൽ കുഴൽപ്പണം കടത്തേണ്ടി വന്നപ്പോൾ ധർമ്മരാജൻ 5, 20, 50 രൂപ നോട്ടുകളും ടോക്കണായി ഏർപ്പെടുത്തി. 10 രൂപ നോട്ടിന്റെ അടിസ്ഥാന മൂല്യം ഒരു കോടി രൂപയായി നിലനിർത്തി. അഞ്ചു രൂപ നോട്ടിന് 50 ലക്ഷവും 20 രൂപ നോട്ടിനു രണ്ടു കോടിയും 50 രൂപ നോട്ടിനു അഞ്ചുകോടിയുമാണു മൂല്യം നിശ്ചയിച്ചിരുന്നത്.