ADVERTISEMENT

പൂച്ചാക്കൽ (ആലപ്പുഴ) ∙ പഞ്ചായത്തംഗം കയർത്തു സംസാരിച്ചതിനു പിന്നാലെ പഞ്ചായത്ത് ഓഫിസിലെ സീനിയർ ക്ലാർക്കിന് ബോധക്ഷയമുണ്ടായി. തുടർന്ന് ഇവരെ പഞ്ചായത്തിന്റെ വാഹനത്തിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ ജീവനക്കാർ ഇന്നലെ ഉച്ചവരെ സമരം നടത്തി. കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി.

16–ാം വാർഡ് അംഗവും ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനുമായ ജി. ധനേഷ്കുമാർ കയർത്തു സംസാരിച്ചതിനെ തുടർന്ന് സീനിയർ ക്ലാർക്ക് ആർ. ശ്രീനിത്യയാണ് ബോധരഹിതയായത്. വ്യാഴാഴ്ച വൈകിട്ട് പഞ്ചായത്ത് കമ്മിറ്റിക്കു ശേഷമായിരുന്നു സംഭവം. പഞ്ചായത്തിലെ തെളിയാത്ത തെരുവുവിളക്ക് ബൾബുകളുടെ ഗാരന്റി സംബന്ധിച്ച വിവരം ധനേഷ്കുമാർ നേരത്തെ ചോദിച്ചിരുന്നു. അതിന് മറുപടി കൊടുക്കാതിരുന്നതാണു പ്രകോപനത്തിന് കാരണം.

ജോലിഭാരംമൂലമാണു കണക്ക് കൊടുക്കാൻ കഴിയാതെ വന്നതെന്നും പദ്ധതി ആസൂത്രണ വിഭാഗത്തിൽ നിന്നു തന്നെ ഒഴിവാക്കണമെന്നും ശ്രീനിത്യ പറഞ്ഞു. പ്രകോപനം തുടർന്നതോടെ കരഞ്ഞുകൊണ്ട് താഴെനിലയിലെ സീറ്റിലെത്തി ഇരുന്ന ശ്രീനിത്യയ്ക്ക് പിന്നാലെ ബോധക്ഷയമുണ്ടാകുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശ്രീനിത്യ വൈകാതെ സാധാരണ നിലയിലായി.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചവരെ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ സമരം ചെയ്തു. സേവനങ്ങൾ തടസ്സപ്പെട്ടു. യുഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും ധനേഷ്കുമാർ പറഞ്ഞു.

English Summary:

The senior clerk of the panchayat office fainted after the panchayat member shouted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com