‘സ്പിരിറ്റ് മാഫിയ’ പിന്നീട് ഹവാലയായി; കേരളത്തിലേക്ക് കള്ളപ്പണം ഒഴുക്കി: അന്വേഷണം ‘ബെംഗളൂരു ശ്രീനിവാസ’നിലേക്ക്
Mail This Article
കൊച്ചി∙ കൊടകര കുഴൽപണം കവർച്ച കേസിനു ശേഷവും ബെംഗളൂരുവിലെ കള്ളപ്പണ സംഘം കേരളത്തിലേക്കു കോടികൾ കടത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസിന്റെ തുടരന്വേഷണം കേന്ദ്രീകരിക്കുന്നതു കുഴൽപണ ഏജന്റ് ധർമരാജന്റെ മൊഴികളിൽ ആവർത്തിച്ചു പറയുന്ന ‘ബെംഗളൂരു ശ്രീനിവാസ’നിലേക്ക്.
2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയും തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കള്ളപ്പണം കടത്തിയതിന്റെ വിശദാംശങ്ങൾ മാത്രമാണു ധർമരാജൻ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ ബിജെപിക്കു വേണ്ടി കടത്തിയതായി ധർമരാജൻ കുറ്റസമ്മതം നടത്തിയ തുകയുടെ അനേകം മടങ്ങു കള്ളപ്പണം ഇയാൾ ഉൾപ്പെടുന്ന കുഴൽപണ സംഘം ശ്രീനിവാസന്റെ ഒത്താശയോടെ അതിനു മുൻപും ശേഷവും കേരളത്തിലേക്കു കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്.
ബിജെപിക്കു വേണ്ടി കള്ളപ്പണം കടത്തിയ കാര്യം മാത്രം തുറന്നു സമ്മതിച്ചു കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഇടപെടൽ ഒഴിവാക്കാനുള്ള തന്ത്രമാണു ധർമരാജൻ പയറ്റുന്നത്. കേസിൽ ഇതുവരെയുള്ള അന്വേഷണ വിവരങ്ങളും തെളിവുകളും സാക്ഷിമൊഴികളും കേരള പൊലീസ് ഇ.ഡിക്കും ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറിയിട്ടും മൂന്നു കൂട്ടരും കേസിൽ തൊടാൻ കൂട്ടാക്കാത്തതു കള്ളപ്പണ സിൻഡിക്കറ്റിന്റെ തന്ത്രം ഫലിച്ചതിന്റെ തെളിവാണ്.
തൊണ്ണൂറുകൾ മുതൽ കേരളത്തിലേക്കു വ്യാജമദ്യം കടത്തിയിരുന്ന ബെംഗളൂരുവിലെ ‘സ്പിരിറ്റ് മാഫിയ’ തന്നെയാണു പിന്നീട് കള്ളപ്പണം കടത്തിലേക്കു കടന്നത്. ഈ സംഘത്തിലെ കണ്ണിയായിരുന്നു ധർമരാജൻ. 23 അബ്കാരി കേസുകൾ ഇയാളുടെ പേരിലുണ്ടായിരുന്നു. ഇതിൽ പലതിലും തുടർച്ചയായ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
കേരളത്തിലെ മുഴുവൻ ജില്ലകളിലും വ്യാജ സ്പിരിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഈ ബന്ധങ്ങൾ കള്ളപ്പണം കടത്താൻ ഉപകാരപ്പെട്ടെന്നും ധർമരാജൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സ്വർണ്ണക്കടത്തുകാരുമായുള്ള ബന്ധവും വെളിപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ തുടരന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതോടെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.