എഡിഎമ്മിന്റെ കുടുംബത്തിന്റെയും കലക്ടറുടെയും മൊഴിയെടുക്കില്ലെന്ന നിലപാടിൽ എസ്ഐടി
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന്റെയും കണ്ണൂർ കലക്ടറുടെയും മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലുറച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ആദ്യഘട്ടത്തിൽ കേസന്വേഷിച്ച ഇൻസ്പെക്ടറുടെ സംഘത്തിലെ 2 പൊലീസുകാർ നവീൻബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഉന്നത അന്വേഷണം വേണമെന്ന സമ്മർദം ശക്തമായപ്പോഴാണ് ഐജിയുടെ മേൽനോട്ടത്തിൽ എസ്ഐടി രൂപീകരിച്ചത്. സിറ്റി പൊലീസ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. എന്നാൽ, പ്രത്യേകസംഘത്തിനു രൂപംനൽകിയെങ്കിലും അന്വേഷണത്തിലെ മെല്ലെപ്പോക്ക് തുടരുകയാണ്. തനിക്കൊരു തെറ്റുപറ്റിയെന്ന് എഡിഎം തന്നോടു പറഞ്ഞതായി കലക്ടർ പറഞ്ഞതു സംബന്ധിച്ച വിശദീകരണം തേടാനും എസ്ഐടി തയാറായിട്ടില്ല.
‘‘നവീൻ ബാബുവിന്റെ കുടുംബത്തിൽനിന്ന് ഒരുതവണ മൊഴിയെടുത്തു. കലക്ടർ അരുൺ കെ.വിജയന്റെയും നവീൻ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴി ആവശ്യമെങ്കിൽ മാത്രമേ ഇനിയും രേഖപ്പെടുത്തേണ്ടതുള്ളൂ’’– സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ മനോരമയോടു പറഞ്ഞു.
എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് നവീൻ ബാബുവിന്റെ കുടുംബം. അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നു നവീൻ ബാബുവിന്റെ ഭാര്യയുടെ അഭിഭാഷകൻ പി.പി.ദിവ്യയുടെ ജാമ്യഹർജിയിൽ വാദത്തിനിടെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പറഞ്ഞിരുന്നു.