‘പ്രതികരിക്കാനുള്ള ഭരണപരമായ അവകാശമുണ്ട്’;നടപടി വിശദീകരണം ചോദിക്കാതെയെന്ന് പ്രശാന്ത്
Mail This Article
തിരുവനന്തപുരം ∙ തന്റെ വിശദീകരണം ചോദിക്കാതെയാണ് സർക്കാർ നടപടിയെടുത്തിരിക്കുന്നതെന്നു പ്രശാന്തിന്റെ പ്രതികരണം. ഫെയ്സ്ബുക് പോസ്റ്റുകളിൽ ചട്ടലംഘനമില്ലെന്ന് ആവർത്തിച്ച അദ്ദേഹം, സർക്കാരിനെ താൻ വിമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ‘പ്രതികരിക്കാനുള്ള ഭരണപരമായ അവകാശം എനിക്കുണ്ട്. സർക്കാരിനെയും നയങ്ങളെയും വിമർശിക്കുന്നതിനാണു നിയന്ത്രണമുള്ളത്. പക്ഷേ, അതിനപ്പുറം എല്ലാവരെയും സുഖിപ്പിക്കണമെന്ന് നിയമത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല.
ആൾക്കാരെ സുഖിപ്പിക്കാനല്ല എനിക്കു ശമ്പളം തരുന്നത്. വിമർശനം നിരോധിച്ചുള്ള നിയമം ഇവിടെയുണ്ടോ? ജയതിലക് വിമർശനത്തിന് അതീതനാണെന്നു ചട്ടമുണ്ടോ? എന്റെ അറിവിൽ ഇല്ല. എനിക്കെതിരെ വ്യാജരേഖ ചമച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.ജയതിലകിന് എന്നോടു വ്യക്തിവിരോധമുണ്ടെന്നതു വ്യക്തമാണ്. ഫയലിൽ ഞാൻ എഴുതുന്ന നോട്ടുകളെ എന്തിനാണു ഭയക്കുന്നത്? ഇരു ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല അന്വേഷണമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയുള്ള നടപടി. പ്രശാന്തിന്റെ ഉദ്യോഗസ്ഥതല വീഴ്ചകൾ സംബന്ധിച്ച് അഡിഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് നൽകിയ റിപ്പോർട്ടിലും തുടർനടപടിയുണ്ടാകും.
കളയന്ത്രം പരിചയപ്പെടുത്തി പ്രശാന്തിന്റെ പോസ്റ്റ്
തിരുവനന്തപുരം ∙ ധന അഡിഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകുമായുള്ള പോര് മൂർച്ഛിച്ചിരിക്കെ, ‘കർഷകനാണ്, കളപറിക്കാൻ ഇറങ്ങിയതാണ്’ എന്ന തലക്കെട്ടോടെ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ ഫെയ്സ്ബുക് പോസ്റ്റ്. കളപറിക്കൽ യന്ത്രത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്. തന്റെ വകുപ്പിനു കീഴിലെ കാംകോ എന്ന സ്ഥാപനത്തിന്റെ ഉൽപന്നങ്ങളുടെ പ്രചാരണമെന്ന നിലയിലാണു വാചകങ്ങളെങ്കിലും എതിർപക്ഷത്തെ ലക്ഷ്യമിട്ടാണു പോസ്റ്റ് എന്നു വ്യക്തം.
ജയതിലകിനെതിരെ ആരോപണം ഉന്നയിച്ച് ഉദ്യോഗസ്ഥയും
തിരുവനന്തപുരം ∙ ധന അഡിഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെ മറ്റൊരു ആരോപണവുമായി ഉദ്യോഗസ്ഥയും രംഗത്ത്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിൽ അഡിഷനൽ സെക്രട്ടറിയായിരിക്കെ ഉണ്ടായ അനുഭവമാണ് പ്രശാന്തിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ കമന്റായി സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായിരുന്ന ഷൈനി ജോർജ് പങ്കുവച്ചത്. അന്ന് ജയതിലക് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു പരാതി പറഞ്ഞപ്പോഴാണ് ജയതിലകുമായുള്ള പ്രശ്നത്തിൽ പരിഹാരമുണ്ടായതെന്ന് ഇപ്പോൾ ബാലാവകാശ കമ്മിഷൻ സെക്രട്ടറിയായ ഷൈനി പറഞ്ഞു. ഭയന്നു പുറത്തുപറയാൻ മടിക്കുന്നവരാണ് പലരും എന്നു ഷൈനിയുടെ കമന്റിനു മറുപടിയായി പ്രശാന്ത് കുറിച്ചു.
ഷൈനി ജോർജിന്റെ കമന്റ് ഇങ്ങനെ: ‘‘സർ, ഏകദേശം 30 വർഷം തികയാൻ പോകുന്ന എന്റെ ഒൗദ്യോഗിക ജീവിതത്തിൽ എന്നോട് ഇത്രയും മോശമായി പെരുമാറിയ ഒരു ഓഫിസറും ഉണ്ടായിട്ടില്ല. സെക്രട്ടേറിയറ്റിലെ ഒട്ടുമിക്ക ആളുകൾക്കും ഇൗ ഓഫിസറുടെ ലീലാവിലാസങ്ങൾ അറിയാം.
അവസാനം മുഖ്യമന്ത്രി ഇടപെട്ടാണ് ആ പ്രശ്നം ഒരുവിധത്തിൽ ഒത്തുതീർപ്പാക്കിയത്. എന്റെ പ്രബേഷൻ ഡിക്ലയർ ചെയ്യാൻ ഇൗ സൽസ്വഭാവിയുടെ കയ്യിൽനിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് വേണമായിരുന്നു.
അത് അദ്ദേഹം വച്ചു താമസിപ്പിച്ചു. അപ്പോൾ ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. എന്നെ ഒരു തെരുവുനായയെപ്പോലെ ആട്ടിപ്പായിച്ചു. എന്താണ് ഉദ്ദേശ്യം എന്നു മനസ്സിലായില്ല. അദ്ദേഹത്തിനെതിരെ പരാതി എവിടെ പറഞ്ഞിട്ടും കാര്യമില്ലെന്നു മനസ്സിലായി. അതുകൊണ്ടാണു മിണ്ടാതിരുന്നത്. എന്നെ സഹായിച്ചു എന്ന ഒറ്റക്കാരണത്താൽ ഒരു സഹപ്രവർത്തകന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് അദ്ദേഹം കുളമാക്കി.’’
ഐഎഎസ് ചേരിപ്പോര് വിവാദത്തിന്റെ നാൾവഴി
∙ മാർച്ച് 26: പട്ടികജാതി– വർഗ വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് ‘ഉന്നതി’ സിഇഒ ആയിരുന്ന കാലത്തു വരുത്തിയ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു അഡിഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ റിപ്പോർട്ട്. അവധിയെടുക്കുന്നതിൽ പ്രശാന്ത് കൃത്രിമം കാട്ടി. ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ഗോപാലകൃഷ്ണനെ ഉന്നതി സിഇഒ ആയി നിയമിച്ചപ്പോൾ ചുമതലയും രേഖകളും കൈമാറാൻ പ്രശാന്ത് തയാറായില്ലെന്നും ആക്ഷേപം.
∙ നവംബർ 8: പ്രശാന്തിനെതിരെ ജയതിലക് നൽകിയ റിപ്പോർട്ട് പുറത്ത്.
∙ നവംബർ 9: ജയതിലകിന്റെ ചിത്രം പങ്കുവച്ച് അദ്ദേഹത്തിനെതിരെ പ്രശാന്തിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ജയതിലകിനെ ‘മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’ എന്നു വിശേഷിപ്പിച്ച് പരിഹാസം.
∙ നവംബർ 10: പ്രശാന്തിനെതിരെ നടപടിക്കു ശുപാർശ ചെയ്ത് മുഖ്യമന്ത്രിക്കു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സത്യസന്ധരുടെ കരിയർ ജയതിലക് നശിപ്പിച്ചുവെന്നും ഗതികേട് കൊണ്ട് റിസ്ക് എടുത്ത് താൻ വിസിൽ ബ്ലോവർ ആവുന്നുവെന്നും പ്രശാന്ത്.
∙ നവംബർ 11: പ്രശാന്തിന് സസ്പെൻഷൻ