മൂന്നാറിലേക്ക് ആകാശമാർഗം; സഞ്ചാരികൾക്ക് അനുകൂലം
Mail This Article
തൊടുപുഴ ∙ ഇടുക്കിയുടെ മലനിരകൾ താണ്ടി സീപ്ലെയ്ൻ ജലാശയത്തിൽ പറന്നിറങ്ങുമ്പോൾ പിറന്നത് പുതിയൊരു അധ്യായം. നെടുമ്പാശേരിയിലെ കൊച്ചി വിമാനത്താവളത്തിൽനിന്ന് 3 മണിക്കൂർ, എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര മണിക്കൂർ എന്നിങ്ങനെയാണു റോഡുമാർഗം ഇപ്പോൾ മൂന്നാറിലേക്കുള്ള യാത്രാസമയം. സീപ്ലെയ്നായാൽ യാത്രാസമയം 25 മിനിറ്റായി കുറയ്ക്കാം.
നേര്യമംഗലം, അടിമാലി വഴിയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നു മൂന്നാറിൽ എത്തേണ്ടത്. ഇതിൽ 14.5 കിലോമീറ്റർ വനമേഖലയാണ്. രാത്രിസഞ്ചാരം അപകടകരമായതിനാൽ സഞ്ചാരികൾ ഉച്ചയോടെ മൂന്നാർ വിടുന്നതാണു പതിവ്. ഇതു സീസൺ അല്ലാത്ത സമയങ്ങളിൽ മൂന്നാറിനെ ബാധിക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിൽ മൂന്നാറിലും സമീപപ്രദേശങ്ങളിലും എത്താനായാൽ കൂടുതൽ രാജ്യാന്തര സഞ്ചാരികളെ ടൂർ കമ്പനികൾ തന്നെ മൂന്നാറിലേക്ക് എത്തിക്കുമെന്നാണു പ്രതീക്ഷ.
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയുള്ള മൂന്നാറിൽ അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കാനും സീപ്ലെയ്‌ൻ ഉപയോഗിക്കാൻ കഴിയും. അതിർത്തിഗ്രാമങ്ങളായ മറയൂർ, കാന്തല്ലൂർ നിവാസികൾക്കും ഗുണകരമാകും.
പറന്നിറങ്ങാൻ ജലാശയങ്ങളേറെ
ജലാശയങ്ങളുടെ നാടായ ഇടുക്കിയിൽ വിവിധ ജലാശയങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയ്‌ൻ സർവീസ് നടത്തിയാൽ വിനോദസഞ്ചാരമേഖലയ്ക്കു നേട്ടമാകുമെന്നു വിലയിരുത്തൽ. മാട്ടുപ്പെട്ടിക്കു പുറമേ ഇടുക്കി, മലങ്കര, ചെങ്കുളം തുടങ്ങിയ ജലാശയങ്ങളിലും ഇതിനു സാധ്യതയുണ്ട്. സഞ്ചാരികൾക്ക് ഇടുക്കി ജലാശയവുമായി ബന്ധപ്പെട്ട ചെറുതോണി, അഞ്ചുരുളി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ എളുപ്പം എത്താൻ സാധിക്കും.