ADVERTISEMENT

തിരുവനന്തപുരം∙ ക്ഷേത്രോപദേശക സമിതികളുടെ മേൽ പിടിമുറുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാത്ത സാമ്പത്തിക പ്രവർത്തനങ്ങൾ, അധികാര ദുർവിനിയോഗം എന്നിവ അനിയന്ത്രിതമായതോടെയാണ് ബോർഡിനു കീഴിലുള്ള 1,250 ക്ഷേത്രങ്ങളിലെയും ഉപദേശക സമിതികളെ നിയന്ത്രിക്കാൻ ഹൈക്കോടതി പരാമർശത്തെ തുടർന്നു ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രോപദേശക സമിതികളുടെ ചുമതലയിലുള്ള ചടങ്ങുകൾക്കായി ക്ഷേത്രത്തിലോ പരിസരത്തോ കാണിക്കവഞ്ചി, പാത്രങ്ങൾ എന്നിവ വയ്ക്കാൻ പാടില്ലെന്ന് ബോർഡ് നിർദേശം നൽകി. അമ്പലങ്ങളിലെത്തുന്ന ഭക്തരിൽ നിന്ന് ഉപദേശക സമിതിയോ അംഗങ്ങളോ പണം പിരിക്കരുത്. ക്ഷേത്ര വികസനത്തിനായുള്ള ധനസമാഹരണത്തിന് ബോർഡിന്റെ അനുമതി വേണം. കൂപ്പണുകളിൽ തുക രേഖപ്പെടുത്തണം. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെ മുദ്ര പതിക്കണം.

ദേവസ്വം ബോർഡിന്റെ ലെറ്റർ പാഡും സീലും ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. ഇനിമുതൽ സമിതികൾ അവരുടെ സ്വന്തം സീലും ലെറ്റർ പാഡും തയാറാക്കണം. ‘തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ക്ഷേത്രം’ എന്നു ലെറ്റർ പാഡിലെഴുതണം.

നിലവിൽ 2 വർഷമാണ് ഉപദേശക സമിതിയുടെ കാലാവധി. ഇത് ദീർഘിപ്പിച്ചിട്ടുണ്ടെങ്കിൽ കാലാവധി എത്രവരെയെന്നു രേഖപ്പെടുത്തണം. റെക്കോർഡുകൾ കൃത്യമായി സൂക്ഷിക്കണം. ആചാരങ്ങൾ സംരക്ഷിച്ചും ക്ഷേത്ര ചൈതന്യം വർധിപ്പിക്കുന്ന തരത്തിലും വേണം ഉത്സവങ്ങൾ നടത്താൻ. വാർഷിക കണക്കുകൾ‍ ഓഡിറ്റ് നടത്തി ഏപ്രിൽ 30ന് അകം ബോർഡിനു നൽകണം. ഉപദേശക സമിതിയുടെ പ്രവർത്തനങ്ങളിൽ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാരുടെ കണ്ണുണ്ടാകും.

English Summary:

Travancore devaswom board introduced rules for temple advisory committees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com