തിരഞ്ഞെടുപ്പ് ദിന രാഷ്ട്രീയ ബോംബിങ്: ഇ.പിയുടെ മുൻഗാമി വിഎസ്
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു ദിവസം രാഷ്ട്രീയ ബോംബിങ്ങിലൂടെ സ്വന്തം പാർട്ടിയെ വീണ്ടും വെട്ടിലാക്കിയ ഇ.പി.ജയരാജൻ ആ ഗണത്തിലെ ആദ്യ സിപിഎം നേതാവല്ല. വി.എസ്.അച്യുതാനന്ദനാണ് ഇക്കാര്യത്തിൽ ഇ.പിയുടെ മുൻഗാമി. 2012 ജൂൺ 2ന് നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പു ദിവസമായിരുന്നു ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിക്കൂട്ടിലായിരുന്ന സിപിഎമ്മിനെ വെട്ടിലാക്കി, പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദൻ ചന്ദ്രശേഖരന്റെ വീടു സന്ദർശിച്ചത്.
2 എംഎൽഎമാരുടെ മാത്രം ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുന്ന കാലത്താണ് നെയ്യാറ്റിൻകരയിലെ സിപിഎം എംഎൽഎ ആർ.സെൽവരാജ് രാജിവച്ച് കോൺഗ്രസിനൊപ്പം ചേരുന്നത്. ഉപതിരഞ്ഞെടുപ്പിൽ സെൽവരാജിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയപ്പോൾ സിപിഎം മത്സരിപ്പിച്ചത് എഫ്.ലോറൻസിനെ. സിപിഎം വിട്ട് ആർഎംപി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപായിരുന്നു. വിഎസുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു ടിപി. കൊലപാതകത്തെ ശക്തമായി അപലപിച്ച വിഎസ് തിരഞ്ഞെടുപ്പു ദിവസം വോട്ടെടുപ്പു പുരോഗമിക്കവെയാണ് ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചത്.
ടിപിയുടെ ഭാര്യ കെ.കെ.രമയുൾപ്പടെയുള്ള കുടുംബാംഗങ്ങളെ വിഎസ് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ ടിവി ചാനലുകളിൽ നിറഞ്ഞതോടെ അത് ഉപതിരഞ്ഞെടുപ്പിലും അലകൾ സൃഷ്ടിച്ചു. ഫലം വന്നപ്പോൾ സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. 6334 വോട്ടിനായിരുന്നു സെൽവരാജിന്റെ ജയം. പാർട്ടിയിലെ പിണറായി പക്ഷത്തിനെതിരെ ആശയസമരം നയിച്ചിരുന്ന വിഎസിന്റെ സർജിക്കൽ സ്ട്രൈക്കായിരുന്നു ആ സന്ദർശനം.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറും എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി.ജയരാജനും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നെന്ന ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നെങ്കിലും അതു തിരഞ്ഞെടുപ്പ് ദിനം തന്നെ സ്ഥിരീകരിച്ചുകൊണ്ടായിരുന്നു ഇ.പിയുടെ ആദ്യ തിരഞ്ഞെടുപ്പ് ബോംബിങ്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനു തന്നെ ഇ.പിയെ തള്ളിപ്പറയേണ്ടി വന്നു. ഇന്നലെ ഉപതിരഞ്ഞെടുപ്പ് ദിവസം ഇ.പി വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കിയത് എഴുതിയിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്ന ആത്മകഥയുടെ രൂപത്തിലായി.
അന്നും പരാതി നൽകി ഇ.പി
‘ജാവഡേക്കർ കൂടിക്കാഴ്ച’ വിവാദം കത്തിയപ്പോൾ, അത് ഉന്നയിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ഇടനിലക്കാരനായ ടി.ജി.നന്ദകുമാറിനുമെതിരെ സിപിഎം നിർദേശ പ്രകാരം ഇ.പി ഗൂഢാലോചന ആരോപിച്ച് ഡിജിപിക്കു പരാതി നൽകി. പക്ഷേ, സ്വന്തം പാർട്ടി ഭരിച്ചിട്ടും അന്വേഷണം എങ്ങുമെത്താതെ ഒതുങ്ങി. ഇത്തവണ ആത്മകഥാ വിവാദത്തിലും ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയാണ് ഇ.പിയും പാർട്ടിയും പ്രതിരോധം തീർക്കുന്നത്.