ADVERTISEMENT

തൃശൂർ ∙ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര തെക്ക് ഒറ്റമാംവിളയിൽ ശുഭകുമാരിയമ്മയുടെ (45) ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. 

  ഇന്നലെ രാവിലെ 9.20 ന്  റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ അരികിലാണു ദാരുണസംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറായ ശുഭകുമാരി കൂട്ടുകാരിക്കൊപ്പം ഗുരുവായൂരിലേക്കു പോകാനാണ് തൃശൂരിൽ എത്തിയത്. ഇവർ 9.17നു രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലിറങ്ങി. ഒന്നാം പ്ലാറ്റ്ഫോമിലേക്കു കടക്കാൻ മേൽപാലമുണ്ടായിരുന്നെങ്കിലും ട്രാക്കുകൾ ഒഴിഞ്ഞു കിടക്കുന്നതുകണ്ട് കുറുകെ കടക്കാൻ തീരുമാനിച്ചെന്നാണു സൂചന. 

   വടക്കേയറ്റത്ത് പാഴ്സൽ ഓഫിസിനരികെ ക്ലോക്ക് റൂമിനു മുന്നിലൂടെ രണ്ടുപാളങ്ങളും കടന്ന് ഒന്നാം പ്ലാറ്റ്ഫോമിന്റെ മുകളിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെയാണു ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ് വേഗത്തിൽ പ്ലാറ്റ്ഫോമിലേക്കെത്തിയത്. പരിഭ്രാന്തയായ ശുഭകുമാരിയമ്മ പിന്നാക്കം മാറാനോ പ്ലാറ്റ്ഫോമിനു മുകളിലേക്കു കയറാനോ കഴിയാതെ ട്രാക്കിനും ഭിത്തിക്കുമിടയിലെ നേരിയ വിടവിൽ നിന്നു. ട്രെയിനിന്റെ ആദ്യ കോച്ചിന്റെ ഫുട്ബോർഡിൽ തട്ടി കണങ്കാലിനു മുകളിൽവച്ചു മുറിയുകയായിരുന്നു. ഉടൻ ട്രാക്കിനും ഭിത്തിക്കുമിടയിലെ വിടവിലേക്കു വീണുപോയതുകൊണ്ടു ദേഹത്തു മറ്റു പരുക്കുകളില്ല. ബഹളത്തിനിടെ ട്രെയിൻ ഉടൻ നിർത്തി.

   റെയിൽവേ ഉദ്യോഗസ്ഥരും ആർപിഎഫും ച‍ുമട്ടുതൊഴിലാളികളും ചേർന്ന‍ാണ് ഇവരെ ആംബുലൻസിൽ കയറ്റിയത്. മുറിഞ്ഞുപോയ കാൽപാദത്തിന്റെ ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ഒപ്പം കൊണ്ടുപോയി. ആദ്യം ജനറൽ ആശുപത്രിയിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സഹയാത്രിക ഇരുപാളങ്ങൾക്കുമിടയിലെ സുരക്ഷിത ഭാഗത്തു നിന്നതുകൊണ്ടു രക്ഷപ്പെട്ടു. ശുഭകുമാരിയുടെ ഭർത്താവ് രവീന്ദ്രൻ ഏതാനും വർഷം മുൻപ് അന്തരിച്ചു. വിദ്യാർഥിനികളായ ലക്ഷ്മി ചന്ദ്രൻ, ഐശ്വര്യ ചന്ദ്രൻ, പാർവതി ചന്ദ്രൻ എന്നിവരാണു മക്കൾ.

English Summary:

KSRTC Conductor Loses Both Legs While Crossing Railway Track

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com