മാട്ടുപ്പെട്ടി ജലാശയം പരിസ്ഥിതിലോല മേഖല
Mail This Article
തിരുവനന്തപുരം ∙ സീ പ്ലെയ്ൻ പറന്നിറങ്ങിയ മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലാശയം ഉൾപ്പെടുന്നത് പരിസ്ഥിതിലോല മേഖലയിൽ (ഇഎസ്എ). സീ പ്ലെയ്ൻ സർവീസ് നടത്തിയാൽ മനുഷ്യ– വന്യജീവി സംഘർഷത്തിനു കാരണമാകുമെന്നും സംഘർഷം ലഘൂകരിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരത്തോടെ പ്രത്യേക പദ്ധതി തയാറാക്കണമെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
സീ പ്ലെയ്നിന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച ജില്ലാ ഭരണകൂടം വനം വകുപ്പിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പരിസ്ഥിതിലോല മേഖലയിൽപ്പെടുന്ന പ്രദേശമാണു മാട്ടുപ്പെട്ടി അണക്കെട്ടിലെ വൃഷ്ടിപ്രദേശമെന്നു വനം വകുപ്പ് ചൂണ്ടിക്കാട്ടിയത്.
ആനമുടിച്ചോല ദേശീയ പാർക്ക്, പാമ്പാടുംചോല ദേശീയ പാർക്ക്, കുറിഞ്ഞിമല സങ്കേതം എന്നിവ ഉൾപ്പെട്ട പ്രദേശമാണ് മാട്ടുപ്പെട്ടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. വംശനാശം നേരിടുന്ന അപൂർവ ജീവികൾ ഉൾപ്പെടുന്ന പ്രദേശമാണ് ഇവിടം. വന്യജീവി നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട കാട്ടാനകൾ ജലസംഭരണിയിലൂടെ തുടർച്ചയായി കടന്നുപോകുന്നതു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജലാശയങ്ങളിൽ സീ പ്ലെയിൻപ്രശ്നമില്ലെന്ന്11 വർഷം മുൻപത്തെ പഠനം
കൊച്ചി ∙ ‘ആശങ്ക വേണ്ട, ജലാശയങ്ങളിൽ വിമാനമിറക്കാം.’– സീ പ്ലെയിൻ പദ്ധതിക്ക് വീണ്ടും ചിറകു മുളയ്ക്കുമ്പോൾ 11 വർഷം മുൻപു പദ്ധതിക്കായി പഠനം നടത്തിയ വിദഗ്ധ സംഘത്തിലെ അംഗം കുഫോസ് മുൻ വൈസ് ചാൻസലർ ഡോ. ബി.മധുസൂദനക്കുറുപ്പ് പറയുന്നു. 2013 ൽ ഇന്ത്യയിലെ ഏക സീ പ്ലെയിൻ കേന്ദ്രമായിരുന്ന ആൻഡമാൻ ഹാവ്‌ലോക് ദ്വീപിലെ വാട്ടർഡ്രോമിലായിരുന്നു പഠനം.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മറൈൻ ബയോളജിക്കൽ റിസർച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരും സഹകരിച്ചു. ലാൻഡിങ്, ടേക് ഓഫ് സമയങ്ങളിൽ ഉണ്ടാകുന്ന തിരയിളക്കങ്ങളുടെ വ്യാപ്തി സ്പീഡ് ബോട്ടും യാത്രാ ബോട്ടും സൃഷ്ടിക്കുന്നതിലും കുറവാണെന്നും മത്സ്യ സമ്പത്തിനെ ബാധിക്കില്ലെന്നും ഡോ. കുറുപ്പ് പറയുന്നു.
സ്യുവിജ് ഉൾപ്പെടെ മാലിന്യങ്ങൾ ജലാശയങ്ങളിൽ തള്ളുന്നില്ല എന്നതും അനുകൂല ഘടകമായി വിലയിരുത്തപ്പെട്ടു. സീ പ്ലെയിൻ സർവീസ് നടത്താൻ 1.2 മീറ്റർ ആഴവും 1500 മീറ്റർ നീളവും 50 മീറ്റർ വീതിയും മതിയാകും. കേരളത്തിൽ 25 സ്ഥലങ്ങളും ഇതിനായി അന്നു നിർദേശിക്കപ്പെട്ടു.