ADVERTISEMENT

തിരുവനന്തപുരം ∙ സസ്പെൻഡ് ചെയ്തതിനെതിരെ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. സർക്കാരിനെയോ സർക്കാരിന്റെ നയങ്ങളെയോ താൻ വിമർശിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, വ്യവസായ ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണൻ തൽക്കാലം നിയമ നടപടിക്കില്ല.

കെ.ഗോപാലകൃഷ്ണനെതിരായ സസ്പെൻഷൻ ഉത്തരവിൽ സർക്കാർ നിരത്തിയ കുറ്റങ്ങൾ:

∙ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ട് മതാടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കി.

∙ ഫോൺ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ അവകാശവാദം തെറ്റ്; ഹാക്കിങ്ങിനു തെളിവില്ലെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

∙ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു കൈമാറും മുൻപ് പലതവണ റീസെറ്റ് ചെയ്തു.

പ്രശാന്തിനെതിരായ കുറ്റങ്ങൾ:

∙ അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ഇതു മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കിടയാക്കി.

∙ പരാമർശങ്ങൾ കടുത്ത അച്ചടക്കലംഘനം; അവ ഭരണസംവിധാനത്തിന്റെ പ്രതിഛായ മോശമാക്കി.

∙ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നിപ്പും അതൃപ്തിയുമുണ്ടാക്കാൻ കഴിയുന്ന പരാമർശങ്ങളാണു പ്രശാന്തിന്റേത്. അവ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ പദവിക്കു ചേർന്നതല്ല.

എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാനുള്ളതല്ല സ്വാതന്ത്ര്യം

സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നാൽ എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കാനുള്ളതല്ല, എതിർക്കാനുള്ള അവകാശം കൂടിയാണത്. സസ്‌പെൻഷനുമായി ബന്ധപ്പെട്ട ഉത്തരവു കണ്ടിട്ടില്ല. നടപടിക്കു മുൻപു വിശദീകരണം ചോദിക്കാത്തതിൽ പരാതിയില്ല. ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷനാണ്. ഭരണഘടനയുടെ മാഹാത്മ്യത്തിലാണു വിശ്വസിക്കുന്നത്.

ശരിയെന്നു തോന്നുന്നതു പറയുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഞാനിതുവരെ ഒരു ചട്ടവും ലംഘിച്ചിട്ടില്ല. മലയാളത്തിൽ ഒരുപാട് പ്രയോഗങ്ങളുണ്ട്. അതു ഭാഷാപരമായ സംഭവമാണ്. പ്രത്യേകിച്ചു സിനിമയുമായി ബന്ധപ്പെട്ടൊക്കെ പ്രയോഗങ്ങളുണ്ട്. (മാടമ്പള്ളിയിലെ ചിത്തരോഗി പ്രയോഗത്തെക്കുറിച്ച്). ഉത്തരവ് കിട്ടിയ ശേഷം മറ്റു കാര്യങ്ങൾ സംസാരിക്കാം. സത്യം പറയാൻ അവകാശമുണ്ട്. ആദ്യം പോയി വാറോല കൈപ്പറ്റട്ടെ.- എൻ.പ്രശാന്ത്

സസ്പെൻ‌ഷനിലാണെങ്കിലും പകുതി ശമ്പളം കിട്ടും

തിരുവനന്തപുരം ∙ സസ്പെൻഷനിലാണെങ്കിലും സർക്കാർ ജീവനക്കാർക്കു വരുമാനം മുടങ്ങില്ല. ഉപജീവന ബത്തയായി നിശ്ചിതതുക എല്ലാ മാസവും ലഭിക്കും. കഴിഞ്ഞ ദിവസം സസ്പെൻഷനിലായ ഗോപാലകൃഷ്ണനും പ്രശാന്തിനും ഉപജീവനബത്ത അനുവദിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. 

50,200 രൂപയിൽ കൂടുതൽ അടിസ്ഥാന ശമ്പളം വാങ്ങുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പകുതി സസ്പെൻഷൻ കാലയളവിൽ ലഭിക്കും. 50,200 രൂപയിൽ താഴെയാണു ശമ്പളമെങ്കിൽ അതിന്റെ പകുതിയും മുഴുവൻ ക്ഷാമബത്തയും കിട്ടും. മറ്റെല്ലാ അലവൻസുകളും കൈപ്പറ്റാം. 6 മാസമാണു സസ്പെൻഷൻ കാലാവധി. അതിനുള്ളിൽ‌ നടപടിക്കു വിധേയനായ ഉദ്യോഗസ്ഥന്റെ വിശദീകരണം വാങ്ങി സർക്കാർ ശിക്ഷ തീരുമാനിക്കണം.

6 മാസത്തിനുള്ളിൽ ഇതു ചെയ്തില്ലെങ്കിൽ ജീവനക്കാരനു കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാൻ എളുപ്പമാകും. കുറ്റം തെളിഞ്ഞില്ലെങ്കിൽ നടപടിക്കു വിധേയനായ ആൾ‌ക്ക് മുടങ്ങിയ എല്ലാ ആനുകൂല്യവും തിരികെ ലഭിക്കും.

2 പേരെ സസ്പെൻഡ് ചെയ്തപ്പോൾ മറ്റൊരാളെ തിരിച്ചെടുത്തു

തിരുവനന്തപുരം ∙ 2 ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തപ്പോൾ നേരത്തേ സസ്പെൻഷനിലായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സർക്കാർ തിരിച്ചെടുത്തു. കോവിഡ് കാലത്ത് ലോക്ഡൗൺ ക്വാറന്റീൻ ലംഘനത്തിന് സസ്പെൻഷനിലായ അനുപം മിശ്രയെ പിന്നീടു തിരിച്ചെടുത്തെങ്കിലും അദ്ദേഹം അനധികൃത അവധിയിൽ തുടർന്നതിനാൽ കഴിഞ്ഞ സെപ്റ്റംബർ 13ന് വീണ്ടും സസ്പെൻഡ് ചെയ്തിരുന്നു.

മിശ്ര നൽകിയ അപേക്ഷയും സസ്പെൻഷൻ പുനഃപരിശോധനാ കമ്മിറ്റിയുടെ ശുപാർശയും കണക്കിലെടുത്താണു തിരിച്ചെടുത്തത്. എവിടെ നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല.

കൊല്ലം സബ് കലക്ടറായിരിക്കെയാണ് 2020 മാർച്ചിൽ ഉത്തർപ്രദേശുകാരനായ അനുപം മിശ്ര മധുവിധു ആഘോഷിക്കാൻ സിംഗപ്പൂർ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലേക്കു പോയത്. വിദേശത്തുനിന്നു വന്നതിനാൽ ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. എന്നാൽ, ക്വാറന്റീൻ ലംഘിച്ച് ഔദ്യോഗിക വസതിയിൽനിന്നു സ്വദേശമായ കാൻപുരിലേക്കു പോയി. തുടർന്ന് മിശ്രയ്‌ക്കെതിരെ കേസെടുക്കുകയും സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

English Summary:

N Prashant to take legal action against the suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com