ഇ.പിയുടെ ആത്മകഥാവിവാദം: പാർട്ടി പരിശോധിക്കും; പാലക്കാടിനു ശേഷം
Mail This Article
കണ്ണൂർ ∙ ആത്മകഥയെക്കുറിച്ച് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞതു വിശ്വസിക്കുന്നതായി ഭാവിക്കുന്നെങ്കിലും സിപിഎം ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. പാലക്കാട് ഉപതിരഞ്ഞെടുപ്പു കഴിയുന്നതു വരെയുള്ള സംരക്ഷണമാണ് ഇപ്പോൾ ഇ.പിക്കു കിട്ടുന്നത്. താനെഴുതിയതല്ലെന്നും ആർക്കും പ്രസിദ്ധീകരണത്തിനു നൽകിയിട്ടില്ലെന്നും ഇ.പി പറയുന്നുണ്ടെങ്കിലും പുറത്തായ ആത്മകഥയിലെ വിവാദ ഭാഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പരോക്ഷമായി ഉന്നമിടുന്നതാണ്. വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള കരുതലിലാണ് ഇപ്പോൾ നേതൃത്വം. ഇ.പിയെ പാലക്കാട് പ്രചാരണത്തിനു വിട്ടതും വിശദീകരണം തേടേണ്ട കാര്യമില്ലെന്ന് എം.വി.ഗോവിന്ദൻ പറയുന്നതും വോട്ടെടുപ്പുവരെ വിവാദങ്ങളെ പ്രതിരോധിക്കാനാണ്.
മന്ത്രിയായിരിക്കെ തയാറാക്കിത്തുടങ്ങിയ ആത്മകഥ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചാ വിവാദത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടപ്പോഴാണ് ജയരാജൻ പ്രസിദ്ധീകരണത്തിനായി മിനുക്കിയെടുത്തതെന്നാണ് അറിയുന്നത്. ആ കോപ്പിയാണു പ്രസിദ്ധീകരിക്കാൻ ധാരണയിലെത്തിയതും ഉപതിരഞ്ഞെടുപ്പു ദിവസം പുറത്തായതെന്നുമാണു വിവരം.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഓഗസ്റ്റിൽ നീക്കം ചെയ്യപ്പെട്ട ശേഷം പിണക്കത്തിലായിരുന്ന ഇ.പി ഒക്ടോബർ 31ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു നേതൃത്വവുമായി രമ്യതയിൽ പോകാൻ തീരുമാനിച്ചത്. ഈ മാസം ഡൽഹിയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഏരിയ സമ്മേളനങ്ങളിലും സജീവമായി. അതിനു മുൻപുള്ള കാര്യങ്ങളെല്ലാം (സരിന്റെ സ്ഥാനാർഥിത്വമടക്കം) ആത്മകഥയിൽ വന്നിട്ടുണ്ട്. ജാവഡേക്കർ വിഷയത്തിൽ കേന്ദ്രകമ്മിറ്റിയിൽ നടപടിയുണ്ടാകില്ലെന്നു കണ്ടതോടെയാണ് അദ്ദേഹം നേതൃത്വവുമായി അനുനയത്തിലായത്.