അങ്കമാലി– എരുമേലി ശബരിപാത: കിഫ്ബി വ്യവസ്ഥ കേരളം ഒഴിവാക്കണമെന്ന് കേന്ദ്രം
Mail This Article
തിരുവനന്തപുരം ∙ അങ്കമാലി– എരുമേലി ശബരിപാത സംബന്ധിച്ചു കേരളം മുന്നോട്ടു വച്ച വ്യവസ്ഥകൾ ഒഴിവാക്കണമെന്നു റെയിൽവേ. ശബരി പദ്ധതിക്കു പണം കണ്ടെത്തണമെങ്കിൽ കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പകുതി ചെലവു വഹിക്കാൻ കേരളം വച്ചിരുന്ന ഉപാധി.
എന്നാൽ മഹാരാഷ്ട്ര ചെയ്യുന്നതു പോലെ ത്രികക്ഷി കരാർ വഴി പദ്ധതി നടപ്പാക്കാമെന്നു റെയിൽവേ മന്ത്രി അറിയിച്ച സാഹചര്യത്തിൽ വായ്പ സംബന്ധിച്ച വ്യവസ്ഥ ഒഴിവാക്കണമെന്നാണു റെയിൽവേയുടെ ആവശ്യം. മന്ത്രി നിർദേശിച്ചതനുസരിച്ച് മഹാരാഷ്ട്രയുമായുള്ള കരാറിന്റെ വിശദാംശങ്ങളും റെയിൽവേ കേരളത്തിനു കൈമാറിയിട്ടുണ്ട്. വ്യവസ്ഥകളൊന്നും കൂടാതെ 50% തുക സംസ്ഥാന വിഹിതമായി നൽകാമെന്ന ഉറപ്പ് ത്രികക്ഷി കരാറിന്റെ പ്രധാന ഭാഗമാണ്.
പദ്ധതിക്കുള്ള സംസ്ഥാന വിഹിതം സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ നിന്നു റിസർവ് ബാങ്ക് കുറവു ചെയ്തു റെയിൽവേക്കു കൈമാറുന്ന കരാറാണു മഹാരാഷ്ട്രയിലുള്ളത്. ശബരി പദ്ധതിയുടെ ആകെ ചെലവായ 3810 കോടി രൂപയുടെ പകുതി 1905 കോടി രൂപയാണു കേരളം നൽകേണ്ടത്. ത്രികക്ഷി കരാർ വഴി പദ്ധതി നടപ്പാക്കുമെന്ന റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം കേരളം സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും തുടർനടപടികൾ കേരളം എടുത്തിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട ഫയൽ ഗതാഗത വകുപ്പിൽ നിന്ന് ഇന്നലെ മാത്രമാണു മുഖ്യമന്ത്രിയുടെ മുൻപിലെത്തിയത്. റെയിൽവേ കേരളത്തിനു കത്ത് നൽകിയ സാഹചര്യത്തിൽ അത് പഠിച്ച ശേഷം വിശദമായ മറുപടി റെയിൽവേക്കു നൽകുമെന്നു മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. വായ്പപ്പരിധിയുടെ പുറത്തു നിന്നു പദ്ധതി നടപ്പാക്കാനാണു മഹാരാഷ്ട്ര മാതൃക സ്വീകരിക്കുന്നത്. സംസ്ഥാനത്തിനു യോജിച്ച വ്യവസ്ഥകളാണെങ്കിൽ അത് ഉപയോഗിച്ചു ശബരിപാത യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.