കുറ്റിപ്പുറം ആലിക്കൽ ഇരട്ടക്കൊലപാതകം: 9 പ്രതികളെയും ഹൈക്കോടതി വിട്ടയച്ചു
Mail This Article
കൊച്ചി ∙ കോട്ടയ്‌ക്കൽ കുറ്റിപ്പുറം ആലിക്കൽ ജുമാ മസ്ജിദിനു സമീപമുണ്ടായ ഇരട്ടക്കൊലപാതകക്കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച 9 പ്രതികളെയും ഹൈക്കോടതി വിട്ടയച്ചു. സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും വിലയിരുത്തിയാണു ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ, ജസ്റ്റിസ് സി.പ്രദീപ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അബ്ദു സൂഫിയാൻ, യൂസഫ് ഹാജി, മുഹമ്മദ് നവാസ്, ഇബ്രാഹിംകുട്ടി, മുജീബ് റഹ്മാൻ,സെയ്തലവി, മൊയ്തീൻകുട്ടി, അബ്ദുൽ റഷീദ്, ബീരാൻ എന്നിവരെയാണു വിട്ടയച്ചത്. പ്രതികൾ നൽകിയ അപ്പീലിലാണു ഡിവിഷൻ ബെഞ്ച് നടപടി.
2008 ഓഗസ്റ്റ് 29ന് പുളിക്കൽ അബ്ദു (43), സഹോദരൻ അബൂബക്കർ (48) എന്നിവരെ കൊലപ്പെടുത്തിയെന്ന കേസിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. പുളിക്കൽ മുഹമ്മദ് ഹാജി മഹല്ല് പ്രസിഡന്റായി തുടരുന്നതു സംബന്ധിച്ച വാക്കുതർക്കമാണു പള്ളിവരാന്തയിലും സമീപത്തുമായി നടന്ന അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു. മുഹമ്മദ് ഹാജിയുടെ മക്കളാണു മരിച്ചത്. ആക്രമണത്തിൽ പ്രതികൾക്കും പരുക്കേറ്റിരുന്നുവെന്നും ഇതു പ്രോസിക്യൂഷൻ മറച്ചുവച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കായി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ളയും അഡ്വ.എസ്.രാജീവും ഹാജരായി. കേസിൽ ആകെ 11 പ്രതികളായിരുന്നു. ഇവരിൽ രണ്ട് പേർ ഇതിനിടയിൽ മരിച്ചു.