ADVERTISEMENT

കൽപറ്റ ∙  മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു കേന്ദ്രസഹായമില്ലാത്തതിനു പിന്നാലെ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാനും നടപടിയില്ല. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന്, വായ്പകൾ എഴുതിത്തള്ളാൻ കേരള ബാങ്ക് തീരുമാനമെടുത്തിരുന്നു. ദുരിതബാധിതർക്കായി റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ വായ്പ ക്രമവൽക്കരിക്കൽ ക്യാംപ് നടത്തുകയും ചെയ്തു. എന്നാൽ, ദേശസാൽകൃത ബാങ്കുകളിലെ കടം എഴുതിത്തള്ളാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിച്ചില്ല. 

ദുരന്തനിവാരണ വകുപ്പിലെ സെക്‌ഷൻ 13 അനുസരിച്ച് ഇക്കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദേശീയ ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. 12 ബാങ്കുകളിലായി 3220 വായ്പകളിൽ 35.32 കോടി രൂപയാണു ദുരന്തബാധിതരുടെ കടം. ഉരുൾപൊട്ടലിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ചേർന്ന് കടം എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്ന് ബാങ്കുകളോട് അഭ്യർഥിച്ചു. എന്നാൽ, ഇതിൽ തീരുമാനമെടുക്കാൻ ബാങ്കേഴ്സ് സമിതിക്ക് അധികാരമില്ലാത്തതു കേന്ദ്രത്തിന്റെ ഇടപെടൽ അനിവാര്യമാക്കുന്നു. 

വയനാടിനായി പ്രത്യേക പാക്കേജ് ഇല്ലെന്ന കേന്ദ്രനിലപാട് കേരളത്തോടുള്ള കടുത്ത വിവേചനമാണ്്. വളരെ ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്കു പോലും വലിയ തുക അനുവദിച്ചു. 

സംസ്ഥാന സർക്കാർ ശുപാർശ പ്രകാരം ബാങ്കുകൾ കാർഷികവായ്പകൾക്ക് 5 വർഷത്തെ സാവകാശം അനുവദിച്ചതും ആദ്യ ഒരു വർഷം മൊറട്ടോറിയം പ്രഖ്യാപിച്ചതും ദുരന്തബാധിതർക്ക് ആശ്വാസമായെങ്കിലും വായ്പ എഴുതിത്തള്ളലാണു ശാശ്വത പരിഹാരം. ഇക്കാര്യത്തിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് കേന്ദ്രം സെപ്റ്റംബർ ആദ്യവാരം ഹൈക്കോടതിയെ അറിയിച്ചതാണ്. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ ദുരന്തനിവാരണ വകുപ്പിനു കടങ്ങൾ എഴുതിത്തള്ളാനുള്ള നിർദേശം നൽകാനാകും. എന്നാൽ, ഇതുവരെ അനുകൂല നടപടിയുണ്ടായില്ല. വായ്പ എഴുതിത്തള്ളുന്നതടക്കമുള്ള കേരളത്തിന്റെ ആവശ്യങ്ങൾ 3 മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന ഉന്നതാധികാരസമിതി പരിശോധിച്ചുവരികയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 

യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും

പാലക്കാട് ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയുടെ പുനരധിവാസത്തിനു കേന്ദ്രസഹായം നിഷേധിച്ച വഞ്ചനയ്ക്കെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളം കൃത്യമായ കണക്കുനൽകിയില്ലെന്നു പറയേണ്ടതു കെ.സുരേന്ദ്രനല്ല. ബിജെപി സംസ്ഥാന കമ്മിറ്റിയോടല്ല കേരളം പണം ചോദിച്ചത്.

തുരങ്കം വച്ചത് കേരളം: സുരേന്ദ്രൻ

പാലക്കാട് ∙ വയനാട് പുനരധിവാസ പാക്കേജിനു തുരങ്കം വച്ചതു സംസ്ഥാന സർക്കാരാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരേ‍ാപിച്ചു. സംസ്ഥാനത്തിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായി 4 മാസം കഴിഞ്ഞിട്ടും ഒരു സർവകക്ഷിയോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല.

English Summary:

No Debt Waiver for Wayanad Landslide Victims, No Action from Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com