ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാലാ വൈസ് ചാൻസലർ ഒപ്പിട്ട 3 ബിരുദ സർട്ടിഫിക്കറ്റുകൾ പരീക്ഷാ വിഭാഗത്തിലെ ചവറ്റുകുട്ടയിൽ കണ്ടെത്തി. തപാലിൽ അയയ്ക്കാതെ കൂട്ടിയിട്ടിരുന്ന 1025 ബിരുദ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. സർട്ടിഫിക്കറ്റുകൾ ഇരട്ടി തുക മുടക്കി വിദ്യാർഥികൾക്ക് സ്പീഡ് പോസ്റ്റിൽ അയച്ചു. സൂപ്രണ്ടിനെ സെക്‌ഷനിൽ നിന്നു മാറ്റി. പരീക്ഷാഭവനിൽ നിന്നു പേരെഴുതാത്ത 154 ബിരുദ – പിജി സർട്ടിഫിക്കറ്റുകൾ കഴിഞ്ഞ വർഷം നഷ്ടമായതു സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഗുരുതര വീഴ്ച. 

പരീക്ഷാ വിഭാഗം ഡെസ്പാച്ച് 4 സെക്‌ഷനിലാണ് സംഭവം. പരീക്ഷാ കൺട്രോളറുടെ അന്വേഷണത്തെത്തുടർന്ന് സെക്‌ഷൻ ഓഫിസ് സൂപ്രണ്ട് പി.മാലയെ വകുപ്പിൽ നിന്നു മാറ്റി. രണ്ട് ബിഎസ്ഡബ്ല്യു (ബാച്‌ലർ ഓഫ് സോഷ്യൽ വർക്ക്) സർട്ടിഫിക്കറ്റും ഒരു ബിസിഎ (ബാച്‌ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) സർട്ടിഫിക്കറ്റുമാണ് ചവറ്റുകുട്ടയിൽ കണ്ടത്. പിന്നീട് ഇത് വിദ്യാർഥികൾക്ക് അയച്ചു കൊടുത്തു.

സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കൂട്ടിയിട്ടിരുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ കണ്ടത്. സ്റ്റാംപിന്റെ ലഭ്യതക്കുറവു മൂലമാണ് അയയ്ക്കാതിരുന്നതെന്നാണ് സൂപ്രണ്ട് നൽകിയ വിശദീകരണം. വിദ്യാർഥികൾ നേരിട്ട് എത്തി വാങ്ങുന്നതും പതിവാണെന്ന സെക്‌ഷന്റെ വിശദീകരണം തള്ളിയ വൈസ് ചാൻസലർ സർട്ടിഫിക്കറ്റുകൾ മുഴുവൻ സ്പീഡ് പോസ്റ്റിൽ അയയ്ക്കാൻ നിർദേശിക്കുകയായിരുന്നു. 

തപാൽ നിരക്ക്  മാത്രം ഒരു ലക്ഷം രൂപയായി. വേഗം സർട്ടിഫിക്കറ്റ് കിട്ടാൻ ഫാസ്റ്റ് ട്രാക്കിൽ 1100 രൂപ വീതം അടച്ച് കാത്തിരുന്നവരാണ് കൂടുതലും. പരീക്ഷാവിഭാഗം അസിസ്റ്റന്റ് റജിസ്ട്രാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ വർഷം പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ മോഷണം പോയതാണെന്നു ഗാന്ധിനഗർ പൊലീസ് സ്ഥിരീകരിച്ചെങ്കിലും കുറ്റക്കാരെ കണ്ടെത്താനായില്ല. 

100 ഡിഗ്രി സർട്ടിഫിക്കറ്റുകളുടെയും 54 പിജി സർട്ടിഫിക്കറ്റുകളുടെയും പൂരിപ്പിക്കാത്ത ഫോർമാറ്റുകൾ പരീക്ഷാഭവനിൽ നിന്നു കാണാതായെന്നാണ് ആരോപണമുയർന്നത്. ഇതിൽ പിജി സർട്ടിഫിക്കറ്റുകൾ സംബന്ധിച്ചാണു റജിസ്ട്രാർ അന്നു പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സസ്പെൻഡ് ചെയ്ത 2 ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെ‌ടുക്കുകയും ചെയ്തു.

English Summary:

Graduation certificates in Mahatma Gandhi University found in trash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com