ADVERTISEMENT

തിരുവനന്തപുരം ∙ ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിക്കായി ഓർഡർ ചെയ്ത ഉപകരണങ്ങൾ കൂടിയ വിലയ്ക്കു കെഎസ്ഇബിക്കു തന്നെ മറിച്ചുവിൽക്കാൻ നീക്കം നടന്നുവെന്നു സൂചന. പദ്ധതി പൂർത്തീകരണത്തിന് കെഎസ്ഇബിക്കു മേലുള്ള സമ്മർദം മുതലെടുത്താണ് 55 കോടിയോളം രൂപ കൂടി തട്ടിയെടുക്കാൻ ശ്രമം നടന്നത്. കരാർ കമ്പനിയും ചൈനയിലെ കൺസോർഷ്യം കമ്പനിയും ചേർന്നു മറ്റൊരു ചൈനീസ് കമ്പനി വഴിയായിരുന്നു നീക്കം. 

2015ൽ കെഎസ്ഇബിക്കു വേണ്ടി ശ്രീശരവണ എൻജിനീയറിങ് ഭവാനി (എസ്എസ്ഇബി) കമ്പനി ചൈനയിലെ ഹുനാൻ ചൗയാങ് ജനറേറ്റിങ് എക്വിപ്മെന്റ്സ് കമ്പനിയിൽനിന്ന് ഓർഡർ ചെയ്ത ഉപകരണങ്ങളാണ് ബോധപൂർവം വൈകിപ്പിച്ച ശേഷം മറ്റൊരു കമ്പനിയിലൂടെ കെഎസ്ഇബിക്കു വിൽക്കാൻ ശ്രമം നടന്നത്. ഓർഡർ ചെയ്ത സാമഗ്രികൾ 8 വർഷമായിട്ടും കേരളത്തിൽ എത്തിക്കാതെ കബളിപ്പിച്ച ശേഷം 2 മാസം മുൻപാണ് ഇവ മറ്റൊരു കമ്പനിക്കു വിറ്റതായി ഹുനാൻ കമ്പനി കെഎസ്ഇബിയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ചാങ്ഷാ ചിങ്യു ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എക്വിപ്മെന്റ് കമ്പനി എന്ന മറ്റൊരു ചൈനീസ് സ്ഥാപനത്തിന്റെ പേരിൽ കെഎസ്ഇബിക്ക്   ഇ മെയിൽ ലഭിച്ചത്. ശ്രീശരവണ കമ്പനിക്ക് അയച്ച മെയിലിന്റെ കോപ്പിയായിരുന്നു അത്. ആ സന്ദേശത്തിൽ ഉപകരണങ്ങളുടെ വിലയും സേവനങ്ങളുടെ നിരക്കും വ്യക്തമാക്കിയിരുന്നു.

54 കോടിയും ഫീസും

ഉപകരണങ്ങൾക്ക് 54 കോടി രൂപയാണ് പുതിയ ചൈനീസ് കമ്പനി കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. അതിനു പുറമേ സ്ഥാപിക്കൽ, കമ്മിഷനിങ് തുടങ്ങിയവയുടെ മേൽനോട്ടത്തിനായി കമ്പനി അയയ്ക്കുന്ന ഓരോ പ്രതിനിധിക്കും ദിവസേന 50,000 രൂപ വീതം ഫീസ് നൽകണം. ഈ തുകയുടെ 75% മുൻകൂറായും ബാക്കി 25% ചൈനയിൽ നിന്നു കപ്പലിലേക്കു ചരക്ക് കയറ്റുന്നതിനു മുൻപും നൽകുമെന്ന ഉറപ്പിൽ ലെറ്റർ ഓഫ് ക്രെഡിറ്റ് വേണമെന്നായിരുന്നു ആവശ്യം. നേരത്തേ കരാർ പ്രകാരം ശ്രീശരവണ കമ്പനിക്ക് 70.44 കോടി രൂപ കൈമാറിക്കഴിഞ്ഞതിനാൽ, 55 കോടിയോളം രൂപ കൂടി തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ നീക്കമെന്നാണു വിവരം.

English Summary:

Move to sell equipment ordered for Bhoothathankettu small hydropower project to KSEB at a higher price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com