ADVERTISEMENT

കൊച്ചി ∙ സ്ത്രീകൾക്കു ഭർതൃവീട്ടിൽ ശാരീരിക അധിക്ഷേപമുണ്ടായാൽ (ബോഡി ഷെയ്മിങ്) അതു ഗാർഹിക പീഡനമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഭർതൃസഹോദരങ്ങളുടെ ജീവിത പങ്കാളികളും ആ വീട്ടിലുണ്ടെങ്കിൽ ഗാർഹിക പീഡനം ബാധകമായ ബന്ധുക്കളുടെ ഗണത്തിൽപ്പെടും. 

ഗാർഹിക പീഡനക്കേസിൽ കൂത്തുപറമ്പ് പൊലീസിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട്, മൂന്നാം പ്രതിയായ ഭർതൃസഹോദര ഭാര്യ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. യുവതിക്കു ‘ബോഡി ഷെയ്പ്’ ഇല്ലെന്നും യുവാവിനു യോജിച്ച പെണ്ണല്ലെന്നും സുന്ദരിയെ കിട്ടുമായിരുന്നുവെന്നും മറ്റും പറഞ്ഞ് ഹർജിക്കാരി അധിക്ഷേപിച്ചെന്നാണ് ആരോപണം. ശരിക്കും എംബിബിഎസ് യോഗ്യതയുണ്ടോ എന്നു സംശയമുന്നയിച്ചതു കൂടാതെ ബിരുദ രേഖ സംഘടിപ്പിച്ചു പരിശോധിക്കുകയും ചെയ്തു. അധിക്ഷേപം സഹിക്കവയ്യാതെ യുവതി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി. ഭർത്താവും ഭർതൃപിതാവുമാണ് ഒന്നും രണ്ടും പ്രതികൾ. 

ഇത്തരം ആരോപണങ്ങൾ ഗാർഹിക പീഡനമാകുമോ, ഭർതൃസഹോദര ഭാര്യ ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുമോ എന്നീ നിയമ പ്രശ്നങ്ങളാണു കോടതി പരിശോധിച്ചത്. ഭർത്താവ്, മക്കൾ, ഭർതൃബന്ധുക്കളായ മാതാപിതാക്കൾ, സഹോദരങ്ങൾ, അനന്തരവൻ, അനന്തരവൾ, ചെറുമക്കൾ തുടങ്ങി ഒപ്പം താമസിക്കുന്ന ഭർതൃസഹോദരങ്ങളുടെ ജീവിത പങ്കാളികളും ഐപിസി 498എ ബാധകമായ ‘ബന്ധു’ ആകുമെന്നാണ് കോടതി വ്യക്തമാക്കിയത്. 

English Summary:

The High Court has stated that body shaming a woman in her husband's house constitutes domestic violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com