ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനും വിവിധ പദ്ധതികളുടെ വിവരങ്ങൾ അറിയിക്കാനും പൊതുജന സമ്പർക്ക വകുപ്പും (പിആർഡി) ഒട്ടേറെ പിആർ ഏജൻസികളും നിലവിലിരിക്കെ, 10.47 കോടി രൂപ ചെലവഴിച്ച് പുതിയ സംവിധാനം ഏർപ്പെടുത്തുന്നു.

‘സ്പെഷൽ സ്ട്രാറ്റജി ആൻഡ് കമ്യൂണിക്കേഷൻസ്’ ടീമും ‘എന്റെ കേരളം’ പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പും ഇതിന്റെ ഭാഗമായി നിലവിൽ വരും. തുക കിഫ്ബി വഴി ലഭ്യമാക്കും. പുതിയ സംരംഭങ്ങളുടെ നടത്തിപ്പിനായി തുടക്കത്തിൽ ഒരു വർഷത്തേക്കു വിവിധ തസ്തികകളിൽ നിയമനവും നടത്തും. 

മുഖ്യമന്ത്രിയടക്കം കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ വിവരങ്ങൾ സ്പെഷൽ സ്ട്രാറ്റജി ആൻഡ് കമ്യൂണിക്കേഷൻസ് ടീം വഴിയായിരിക്കും ഇനിമുതൽ പുറത്തുവരിക. പിആർ ഏജൻസികളെ സാർവത്രികമായി ആശ്രയിക്കുന്നുവെന്ന ആക്ഷേപത്തിനു തടയിടുകകൂടി പദ്ധതിയുടെ ലക്ഷ്യമാണ്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള പൊതുജന സമ്പർക്കം കേന്ദ്രീകരിക്കുന്നതു ലക്ഷ്യമിട്ടുള്ള ‘എന്റെ കേരളം’ പ്ലാറ്റ്ഫോമിനായി സിഡിറ്റ് ഓഗസ്റ്റിൽ നൽകിയ പദ്ധതിരേഖയ്ക്ക് സർക്കാർ അടിയന്തര അനുമതി നൽകുകയായിരുന്നു.

ഈമാസം മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിലേക്കായി 19,22,33,800 രൂപയുടെ എസ്റ്റിമേറ്റാണ് സിഡിറ്റ് ആദ്യം നൽകിയത്. എന്നാൽ തുക കുറയ്ക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് പുതുക്കിനൽകിയ 10,47,48,600 രൂപയുടെ പദ്ധതിക്കാണ് അനുമതി നൽകിയിരിക്കുന്നത്. ‌‌

ബജറ്റിലൂടെ നടപ്പാക്കുന്ന സുപ്രധാന വികസന ക്ഷേമസംരംഭങ്ങൾ, കിഫ്ബി വഴി നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ പദ്ധതികൾ, നവകേരള മിഷനുകൾ വഴിയുള്ള നേട്ടങ്ങൾ, സംസ്ഥാനം അംഗീകരിച്ച നയരേഖകൾ, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ സംസ്ഥാനം സ്വീകരിച്ച സുപ്രധാന നിലപാടുകൾ, ലഭിച്ച ആനുകൂല്യങ്ങൾ എന്നിവ ഇനി ‘എന്റെ കേരള’ത്തിലാകും പ്രസിദ്ധപ്പെടുത്തുക. 

വിവര പൊതുജന സമ്പർക്ക വകുപ്പ് സെക്രട്ടറി (ചെയർമാൻ), ഡയറക്ടർ (കൺവീനർ), അഡിഷനൽ ഡയറക്ടർമാർ, സിഡിറ്റ് ഡയറക്ടർ, പുറമേനിന്നുള്ള വിദഗ്ധൻ എന്നിവരുൾപ്പെട്ട കോർ ടീം മേൽനോട്ടം വഹിക്കും. പുറമേനിന്നുള്ള സാമ്പത്തിക വിദഗ്ധനെ ഉൾപ്പെടുത്തിയുള്ള മറ്റൊരു കമ്മിറ്റി സാമ്പത്തിക രംഗം കൈകാര്യം ചെയ്യും. ഓൺലൈനായി ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് പണം കൈമാറാൻ കിഫ്ബിക്ക് സർക്കാർ നിർദേശം നൽകി.

പുതിയ തസ്തികകൾ (ബ്രാക്കറ്റിൽ എണ്ണം):

വിദഗ്ധർ (2– കമ്യൂണിക്കേഷൻ, ഫിനാൻസ്), പ്രോഗ്രാം ഡയറക്ടർ (1), റിസർച് അസോഷ്യേറ്റ് (12), ക്രിയേറ്റിവ് ടീം ഹെഡ് (1), കണ്ടന്റ് ക്രിയേറ്റർ (2), മാനേജർമ (2), ഡിസൈനർ (2), വിഡിയോ എഡിറ്റർ (2), ഫൊട്ടോഗ്രഫർ (2)

English Summary:

Kerala Government creates new PR team despite existing resources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com