സഹോദരിയുടെ ഓർമകളിൽ കണ്ണീരണിഞ്ഞ് കിരൺ ബേദി
Mail This Article
കോട്ടയം ∙ സഹോദരി റീത്ത പേഷാവരിയയുടെ ഓർമകളിൽ വിതുമ്പി പുതുച്ചേരി മുൻ ലഫ്. ഗവർണർ കിരൺ ബേദി. റീത്ത പേഷാവരിയ സെന്റർ ഫോർ ഓട്ടിസം ആൻഡ് എബിഎ സർവീസസ്, മനോവികാസ് ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നു നടത്തിയ ദേശീയ ശിൽപശാലയിൽ റീത്ത പേഷാവരിയ ഒറേഷൻ അവാർഡ് പ്രഫ. വി.ആർപി.ഷൈലജ റാവുവിനു സമ്മാനിക്കുകയായിരുന്നു അവർ.
‘‘പഠനകാലത്ത് എന്റെ പുസ്തകങ്ങൾ റീത്തയ്ക്കു കൊടുക്കുമായിരുന്നു. കിരൺ പുസ്തകങ്ങൾ കീറിയാണു നൽകിയതെന്നു പറഞ്ഞു റീത്ത വഴക്കുണ്ടാക്കും. പുതിയ പുസ്തകം ലഭിക്കാൻ റീത്ത സ്വയം കീറുകയായിരുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെന്റ് ഓഫ് പഴ്സൻസ് വിത്ത് ഇന്റലക്ച്വൽ ഡിസെബിലിറ്റീസ് മുൻ ഡയറക്ടർ ഡോ. ദേശ് കീർത്തി മേനോൻ വിവാഹാഭ്യർഥന നടത്തിയപ്പോൾ മാതാപിതാക്കളുമായി സംസാരിക്കാനാണു റീത്ത പറഞ്ഞത്. തുടർന്നു മാതാപിതാക്കളുമായി സംസാരിച്ചു വിവാഹം നിശ്ചയിച്ചു’’– പരിപാടിയുടെ അധ്യക്ഷനായ ഡോ. ദേശ് കീർത്തി മേനോനെ സാക്ഷിയാക്കി കിരൺ ബേദി പറഞ്ഞു.
കലക്ടർ ജോൺ വി.സാമുവൽ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡോ. തോമസ് കിഷോർ, ഡോ. എ.ടി.ത്രേസ്യക്കുട്ടി, ഡോ. സരോജ ആര്യ, റീത്ത പേഷാവരിയ സെന്റർ സ്ഥാപക സിമി ശാന്ത, ചെയർപഴ്സൻ പി.എസ്.ശാന്തമ്മ പണിക്കർ എന്നിവർ പ്രസംഗിച്ചു.
കിരൺ ബേദി എഴുതിയ പേന ഇനി ഡോക്ടറുടെ പോക്കറ്റിൽ
∙ ഇന്നലെ പരിപാടിക്കിടെ കുറിപ്പെഴുതാൻ കിരൺ ബേദി പേന അന്വേഷിച്ചു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് തന്റെ കയ്യിലിരുന്ന പേന കൈമാറി. കിരൺ ബേദി എഴുതിയ പേന തന്റെ കയ്യിലുണ്ടെന്ന് ഇനി പറയുമെന്നു പ്രസംഗത്തിൽ ഡോ. വർഗീസ് പറഞ്ഞു. അപ്പോഴാണു കിരൺ ബേദി തന്റെ കയ്യിലിരുന്ന പേനയുടെ ഉടമസ്ഥന്റെ കാര്യം ഓർത്തത്. ഉടൻ പേന തിരിച്ചേൽപിച്ചു നന്ദി പറയുകയും ചെയ്തു.