പാർട്ടിക്കൊടി വേണ്ട; അന്ത്യയാത്രയിൽ അശാന്തി അരുത്: സിപിഎമ്മിനെതിരെ എസ്എൻഡിപി
Mail This Article
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എസ്എൻഡിപി യോഗവുമായി തുറന്ന പോരിനു സിപിഎം; സമുദായാംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ചു വരെ സിപിഎം നടത്തുന്ന നീക്കങ്ങളോടു കടുത്ത പ്രതിഷേധവുമായി എസ്എൻഡിപി യോഗം.
കാലങ്ങളായി പാർട്ടിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ഈഴവ വോട്ടുകൾ ഗണ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പോയി എന്നാരോപിച്ചാണ് എസ്എൻഡിപി യോഗത്തിനും നേതൃത്വത്തിനുമെതിരെ സിപിഎം പരസ്യമായി രംഗത്തെത്തുന്നത്. യോഗത്തിന്റെ പങ്ക് തുറന്നുകാണിക്കാനും ചെറുക്കാനും നടപടി വേണമെന്നു കാണിച്ചു സിപിഎം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്കു രേഖാമൂലം നിർദേശം നൽകി. ഇതിനു പിന്നാലെയാണ്, എസ്എൻഡിപി യോഗം ശാഖകളിലും സമുദായാംഗങ്ങളുടെ വീടുകളിലെ ചടങ്ങുകളിലും വരെ പാർട്ടി ഇടപെടുന്നത്.
മറുപടിയെന്നോണം, സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽപോലും പാർട്ടി കൈ കടത്തുന്നുവെന്നാരോപിച്ചും രൂക്ഷമായി വിമർശിച്ചും യോഗത്തിന്റെ ആസ്ഥാന ജില്ലയായ കൊല്ലത്ത് ‘അന്ത്യയാത്രയിൽ അശാന്തി അരുത്’ എന്ന തലക്കെട്ടോടെ നോട്ടിസും പുറത്തിറങ്ങി.
സമുദായാംഗങ്ങൾ മരിച്ചാൽ മൃതദേഹത്തിൽ അവസാനം കോടി പുതയ്ക്കാനുള്ള അവകാശം ആചാരപരമായി സമുദായത്തിന്റേതാണ്. എന്നാൽ എസ്എൻഡിപി യോഗം കുണ്ടറ യൂണിയനു കീഴിൽ സമുദായാംഗം മരിച്ചപ്പോൾ, മരിച്ചയാൾ പാർട്ടിയംഗമാണെന്നു പറഞ്ഞ് അവസാനത്തെ കോടിയായി പാർട്ടി പതാക പുതപ്പിച്ച സംഭവമുണ്ടായി. മറ്റൊരു വീട്ടിൽ, മരണാനന്തര ചടങ്ങിൽ ഗുരുസ്തോത്രം ചൊല്ലാൻ ഏർപ്പാടാക്കിയ ആളെ പാർട്ടി നേതാക്കൾ ഇടപെട്ടു തടഞ്ഞുവെന്നും യോഗം നേതാക്കൾ ആരോപിക്കുന്നു. സിപിഎം നിലപാടിനെതിരെ ജനുവരിയിൽ സാമുദായിക സമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.