‘നേതൃനാമം ജപജപ ശരണം,ഗ്രഹണ നേരത്ത്’: നീതികേടിൽ മിണ്ടാതിരിക്കുന്നവരെ വിമർശിച്ച് കെ.ജി.എസിന്റെ കവിത ‘കൂർമം’
Mail This Article
തൃശൂർ ∙ കൊന്നു കെട്ടിത്തൂക്കുന്നത് ആത്മഹത്യ. പിക്കാസു കൊണ്ട് വെട്ടിപ്പിളർക്കുന്നത് ജീവൻരക്ഷാപ്രവർത്തനം. പുതിയകാലത്ത് ചില വാക്കുകൾക്ക് അർഥവ്യത്യാസമുണ്ടായെന്ന് കെ.ജി.ശങ്കരപ്പിള്ളയുടെ പുതിയ കവിത ‘കൂർമം’.
അധികാരക്കസേരകളിൽ ഇരിക്കുന്നവരുടെ നീതികേടുകൾക്കെതിരായ മൗനവും നീതികേടാണെന്നു കവിത ചൂണ്ടിക്കാട്ടുന്നു. ബുദ്ധികൂർമതയുള്ളവർ കൂർമങ്ങളായി മനസ്സ് ഉള്ളിലേക്കു വലിക്കുന്നതുകണ്ട് സഹിക്കാതെ എഴുതിയതാണു കവിതയെന്നു കവി.
‘കടലിൽ ആണ്ടുപോയ വേദത്തെ എടുത്തുയർത്താനാണ് വിഷ്ണു കൂർമാവതാരം എടുത്തത്. പക്ഷേ, കവിതയിലെ കൂർമം വേറെയാണ്. എന്തു കണ്ടാലും മനസ്സ് ഉള്ളിലേക്ക് വലിക്കുകയാണ് ഇവർ. കൂർമത്തിന് മുന്നൂറും നാനൂറും വർഷമാണത്രെ ആയുസ്സ്. അപ്പോൾ, ഈ മൗനം ഉടനെയൊന്നും അവസാനിക്കില്ലേ എന്ന ആശങ്കയുമുണ്ട്’. കവിതയുടെ പേരിനെക്കുറിച്ചുള്ള ചോദ്യത്തിനു കെ.ജി.ശങ്കരപ്പിള്ളയുടെ മറുപടിയാണിത്.
‘കയ്യും തലയും പുറത്തിടരുത്, സ്വരവും വെളിവും പുറത്തിടരുത്, ഇന്ദ്രിയങ്ങൾ പുറത്തിടരുത്, ആത്മവീര്യം പുറത്തിടരുത്, കതകെല്ലാം തുറന്നാലും അടഞ്ഞതായിരിക്കണം വീട്’ എന്ന് എഴുതുന്ന കെ.ജി.എസ്, ‘നേരും ധീരതയും വിപ്ലവമോ, വാഴ്ത്തും മൗനവും പ്രതിവിപ്ലവമോ അല്ല, നേതൃനാമം ജപജപ ശരണം, ഗ്രഹണ നേരത്ത്’ എന്ന് നേതാവിനെ ആരാധിക്കുന്നതിനെപ്പറ്റിയും എഴുതുന്നു.
നവരസങ്ങളിലൊന്നും പെടാത്ത പുതിയ ഒരു രസമാണ് സമൂഹത്തിന്റേത്. എല്ലാവരും എന്തിനെയോ പേടിക്കുന്നു. പേടി എന്നു പറയാമോ എന്നറിയില്ല. സ്വാതന്ത്ര്യമുണ്ട് എന്നു പറയാനാകാത്ത അവസ്ഥയാണ്. ഈ മൗനത്തെക്കുറിച്ച് കുറേയായി ആലോചിച്ചിരുന്നു. പക്ഷേ, കവിത എഴുതാൻ പെട്ടെന്ന് കാരണമായത് കണ്ണൂരിലെ എഡിഎം നവീൻബാബുവിന്റെ മരണം തന്നെ. ചെറിയ ശബ്ദമാണെങ്കിലും കേൾപ്പിക്കണം എന്നതാണ് നിലപാട്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് കെജിഎസ് എഴുതിയ ‘വെട്ടുവഴി’ എന്ന കവിത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.