ADVERTISEMENT

തൃശൂർ ∙ രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിതതീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് തൃശൂർ. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം രാജ്യത്ത് നാലാം സ്ഥാനം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ 50 പോയിന്റോ അതിൽ കുറവോ വരുന്ന സ്ഥലങ്ങളാണ് ‘നല്ല വായു’ ഉള്ളവ. തൃശൂരിന്റെ പോയിന്റ് 44.

‘നല്ല വായു’പട്ടികയിൽ ഇന്നലത്തെ കണക്കുപ്രകാരം ആകെ 12 പട്ടണങ്ങളാണ് ഉള്ളത്. കേരളത്തിൽനിന്ന് മറ്റു പട്ടണങ്ങളൊന്നും ഈ പട്ടികയിൽ വന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും വമിക്കുന്ന പുകയിലെ പിഎം (പർട്ടിക്കുലേറ്റ് മാറ്റർ), നൈട്രജൻ ഡൈഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവയുടെ തോത് അപകടകരമല്ലാത്ത തരത്തിലാണ് തൃശൂരിൽ. 

കോർപറേഷൻ ഗ്രൗണ്ടിൽ നിന്നാണ് തോതുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും തിരക്കേറിയ സമയത്തുപോലും വാഹനപ്പുകയിലെ സൂക്ഷ്മകണങ്ങളായ പിഎമ്മിന്റെ (പർട്ടിക്കുലേറ്റ് മാറ്റർ) തോത് തൃശൂർ നഗരത്തിൽ ‘മോഡറേറ്റ്’ നിലയിലാണ്. ഐസോൾ (മിസോറം) ആണ് മലിനീകരണം ഏറ്റവും കുറഞ്ഞ നഗരം (26 പോയിന്റ്). നഗാവ് (അസം), വിജയപുര (കർണാടക), ഷില്ലോങ് (മേഘാലയ) എന്നിവയും (എക്യുഐ 37) തൃശൂരിനു മുന്നിലാണ്. 

ബാഗൽകോട്ട്, ചാമരാജ് നഗർ, കാഞ്ചീപുരം, കോലാർ, നൽബാരി, തഞ്ചാവൂർ, മംഗലാപുരം എന്നിവയും നല്ല വായു ഉള്ള 12 പട്ടണങ്ങളിൽപ്പെടുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ തിരുവനന്തപുരത്തിന് 66 പോയിന്റ് ആണ്. തൃപ്തികരം എന്ന വിഭാഗത്തിലാണു നഗരം. കേരളത്തിലെ മറ്റിടങ്ങളുടെ വിവരം ലഭ്യമല്ലെന്ന് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് പട്ടികയിൽ പറഞ്ഞിട്ടുണ്ട്.

English Summary:

Thrissur ranks fourth in National Air Quality Index

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com