ADVERTISEMENT

സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങിയതിനു പിന്നാലെ രാഷ്ട്രീയ പാർട്ടികൾ ആക്ഷേപമുയർത്തി. എൽഡിഎഫിന് അനുകൂലമായി വാർഡുകൾ പുനർനിർണയിച്ചുവെന്ന് യുഡിഎഫിനാണു പരാതി കൂടുതൽ. ചില പഞ്ചായത്തുകളിലെ അശാസ്ത്രീയമായ വിഭജനത്തിനെതിരെ സിപിഎമ്മും രംഗത്തെത്തി. ചില പഞ്ചായത്ത് ഭരണസമിതികളും പരാതി നൽകാനുള്ള തീരുമാനത്തിലാണ്. ആക്ഷേപം ഉണ്ടെങ്കിൽ ഡീലിമിറ്റേഷൻ കമ്മിഷനിലാണ് ആദ്യം പരാതി നൽകേണ്ടത്. അവിടെ പരിഹാരമായില്ലെങ്കിൽ മാത്രമേ കോടതിയിൽ പോകാനാവു. പരാതി നൽകാൻ ഒരു മാസം സമയമുണ്ട്.

∙ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് പ്രതിനിധീകരിക്കുന്ന 3 വാർഡുകൾ വെട്ടി. കോർപറേഷനിൽ 10 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിന് ഇതു രാഷ്ട്രീയമായി ദോഷം ചെയ്യും. 34 അംഗങ്ങളുള്ള ബിജെപിയുടെ 2 വാർഡ് ഒഴിവാക്കി. സിപിഎം, സിപിഐ, ഐഎൻഎൽ എന്നിവയുടെ ഓരോ വാർഡ് വീതവും ഒഴിവാക്കി. 3 സ്വതന്ത്രരടക്കം 56 അംഗങ്ങളാണ് എൽഡിഎഫ് പക്ഷത്തുള്ളത്. ഒഴിവാക്കിയ എട്ടെണ്ണത്തിനു പകരം 9 പുതിയ വാർഡുകൾ രൂപീകരിച്ചു. തിരുവനന്തപുരത്ത് കോൺഗ്രസ് ഭരിക്കുന്ന ചെങ്കൽ പഞ്ചായത്തിൽ 21 വാർഡുകളുടെയും അതിർത്തിയിൽ മാറ്റം വരുത്തി. പരാതി നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

∙ കൊല്ലം ജില്ലയിലെ തദ്ദേശ വാർഡ് പുനർനിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകുമെന്ന് സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾ പറഞ്ഞു. സിപിഎം അനുകൂല വാർഡുകൾ ആക്കാനാണ് വിഭജനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സിപിഐ ആരോപിക്കുന്നു. യുഡിഎഫും ബിജെപിയും ജയിച്ചു വന്ന വാർഡുകളുടെ വിഭജനത്തിലും ആക്ഷേപമുണ്ട്.

∙ പത്തനംതിട്ടയിൽ നഗരസഭകളിലും പഞ്ചായത്തുകളിലും മാനദണ്ഡങ്ങൾ ലംഘിച്ച് യുഡിഎഫ് അനുകൂല വാർഡുകളെ എൽഡിഎഫിന് അനുകൂലമായ രീതിയിലാണ് അതിർത്തി നിർണയിച്ചതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

∙ ഇടുക്കിയിൽ എൽഡിഎഫ് ഭരിക്കുന്ന നെടുങ്കണ്ടം പഞ്ചായത്തിൽ 2 വാർഡുകൾ പുതുതായി കൂട്ടിച്ചേർത്തതു മാനദണ്ഡം പാലിക്കാതെയാണെന്ന് യുഡിഎഫ് ആരോപിച്ചു.

∙ എറണാകുളം ജില്ലയിലും രാഷ്ട്രീയ ലക്ഷ്യത്തോടെ വാർഡുകൾ വിഭജിച്ചു എന്ന് ആക്ഷേപങ്ങളുണ്ട്. കൊച്ചി കോർപറേഷനിലെ വാർഡ് പുനർനിർണയം അശാസ്ത്രീയമാണെന്നു കാണിച്ചു യുഡിഎഫും ബിജെപിയും ഡീ ലിമിറ്റേഷൻ കമ്മിഷനു പരാതി നൽകും. 

∙ പാലക്കാട് പുതുശ്ശേരി പഞ്ചായത്തിൽ വാർഡ് വിഭജനം നടത്തിയത് സ്വതന്ത്ര അംഗം തുടർച്ചയായി 3 വട്ടം ജയിച്ച നാലാം വാർഡ് വെട്ടിമുറിച്ച്. രാഷ്ട്രീയ പാർട്ടികളിൽ നിന്നുണ്ടായേക്കാവുന്ന പരാതികൾ ഒഴിവാക്കാൻ കൂടിയാണിതെന്നും ആക്ഷേപമുണ്ട്.

പെരുവെമ്പ് പഞ്ചായത്തിലെ ഒരു വാർഡിന്റെ 2 അതിർത്തികൾ തമ്മിൽ 4 കിലോമീറ്ററോളം ദൂരമുണ്ട്. ആനക്കര പഞ്ചായത്തിലെ വാർഡ് വിഭജനം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് യുഡിഎഫ് ആരോപിച്ചു.

∙ മലപ്പുറം ജില്ലയിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കരടിൽ വീടുകളുടെ പൂർണമായ വിവരം ലഭ്യമാക്കിയില്ലെന്നു പാർട്ടികൾക്കു പരാതി. ചില വാർഡുകളിൽ മറ്റുള്ളവയുമായി തട്ടിച്ചു നോക്കുമ്പോൾ ജനസംഖ്യ വളരെ കൂടുതലാണെന്ന പരാതിയും ഉയർന്നു.

∙ കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫിന്റെ കുത്തക തകർക്കാൻ നടത്തിയ വാർഡുവിഭജനമാണ് ഇത്തവണത്തേതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. കോർപറേഷനിൽ നഗരമധ്യത്തിലെ വാർഡുകളിൽ യുഡിഎഫ് നിലനിർത്തിപ്പോരുന്ന ആധിപത്യം തകർക്കാൻ ലക്ഷ്യമിട്ടാണ് അഞ്ചിലേറെ വാർഡുകളുടെ വിഭജനമെന്നും ആരോപിച്ചു.

∙ വയനാട് ജില്ലയിൽ വാർഡ് വിഭജനത്തിൽ രാഷ്ട്രീയപക്ഷപാതിത്വവും അശാസ്ത്രീയതയും ആരോപിച്ച് പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, എടവക, തിരുനെല്ലി, തവി‍ഞ്ഞാൽ, വെള്ളമുണ്ട പഞ്ചായത്തുകളിലെ യുഡിഎഫ് നേതൃത്വം പരാതി നൽകും. യുഡിഎഫ് ഭരിക്കുന്ന നെന്മേനി, പൂതാടി പഞ്ചായത്തുകളിൽ എൽഡിഎഫിനാണു പരാതി.

∙ മുസ്‌ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ വാർഡ് വിഭജനത്തിൽ പാകപ്പിഴകളുണ്ടെന്ന ആരോപണം ഉണ്ട്. വെസ്റ്റ് എളേരി പഞ്ചായത്തിലെ വാർഡ് വിഭജനം സിപിഎം താൽപര്യത്തിന് അനുസരിച്ചാണെന്നു യുഡിഎഫിനു പരാതിയുണ്ട്.

ഒഞ്ചിയത്ത് 2 വാർഡ് കൂടി

വടകര ∙ ടി.പി.ചന്ദ്രശേഖരന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ഒഞ്ചിയം പഞ്ചായത്തിൽ 2 വാർഡുകളാണു കൂടിയത്. നിലവിൽ 17 വാർഡുകളുള്ള പഞ്ചായത്തിൽ 9 സീറ്റുമായി ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണിയാണു ഭരിക്കുന്നത്. ഇടതുമുന്നണിക്ക് 8 സീറ്റുകളാണുള്ളത്.

ഊരുകൂട്ടങ്ങൾ വിഭജിക്കപ്പെട്ടു

അട്ടപ്പാടിയിൽ ആദിവാസി ഊരുകൂട്ടങ്ങൾ 2 വാർഡുകളിലായി. ഷോളയൂർ പഞ്ചായത്തിൽ വരഗംപാടി ഊരിനു മധ്യ കടന്നുപോകുന്ന കൂടുതറ റോഡ് അതിരായാണു കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ ഊര് രണ്ടായി വിഭജിക്കപ്പെടും. ആദിവാസി സങ്കേതങ്ങളെ വിഭജിക്കാതെ ഒരു വാർഡിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

വീട് ഏതു വാർഡിൽ?ക്ലിക് ചെയ്തു കണ്ടുപിടിക്കാം


തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനത്തിന്റെ ഏതു വാർഡിലാണു വീടെന്ന് അറിയാൻ ഇനി മൊബൈൽ ഫോണിൽ ഏതാനും ക്ലിക്കുകൾ മാത്രം. വാർഡ് അതിർത്തി രേഖപ്പെടുത്തിയ ഭൂപടം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ വെബ്സൈറ്റിലും (https;//www.delimitation.lsgkerala.gov.in) ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ പോർട്ടലിലും https://wardmap.ksmart.live പരിശോധിക്കാം. ജില്ലയും തദ്ദേശ സ്ഥാപനവും നൽകിയാൽ ഭൂപടം തെളിയും. ഇമേജ് വലുതാക്കിയാൽ റോഡും പുഴയും സർക്കാർ ഓഫിസുകളും ആശുപത്രികളും മറ്റും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അടയാളപ്പെടുത്തിയ അതിർത്തി തെളിയും. ഇതുവഴി വീടുകൾ എവിടെയെന്നു പരിശോധിക്കാം. notification എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ മുഴുവൻ വാർഡുകളുടെയും പേര്, ജനസംഖ്യ, അതിർത്തികളായി വരുന്ന സ്ഥാപനങ്ങൾ, റോഡുകൾ എന്നിവയുടെ പട്ടികയുണ്ട്.

English Summary:

Ward division: Unscientific said UDF,BJP and LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com