ADVERTISEMENT

തിരുവനന്തപുരം ∙ ‘മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തിന്റെയും നന്മയുടെയും രൂപമാണെന്നാണ് ചേലക്കര തെളിയിക്കുന്നത്. അദ്ദേഹത്തിനും സർക്കാരിനുമെതിരെയുള്ള കുപ്രചാരണങ്ങൾ പൊളി‍ഞ്ഞിരിക്കുന്നു’– ചേലക്കരയിലും പാലക്കാട്ടും അവസാന ഫലം വരുന്നതിനു മുൻപു തന്നെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ ഈ പ്രതികരണം സിപിഎമ്മിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നതായി. 

ഏതു വിധേനയും ചേലക്കര നിലനിർത്തി ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കാനുള്ള ഉൽക്കടമായ ആഗ്രഹമാണ് പാർട്ടിയെയും സർക്കാരിനെയും പൊതിഞ്ഞുനിന്നത്. അതിനു വേണ്ടി അവർ നടത്തിയത് പലതും തീക്കളിയായോ എന്ന ചോദ്യം എൽഡിഎഫിൽ നിന്നു തന്നെ ഉയരുന്നു.

പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഈ നിർണായക ഘട്ടത്തിൽ സിറ്റിങ് സീറ്റായ ചേലക്കര നിലനിർത്താൻ സാധിച്ചില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ ഭരണവിരുദ്ധ വികാരത്തിൽ നിന്നു പുറത്തു കടക്കാൻ തിരുത്തൽ പ്രഖ്യാപനങ്ങൾക്കു കഴിഞ്ഞില്ലല്ലോ എന്ന ചോദ്യം ഉയരുമായിരുന്നു. ‘ഒരു ഭരണവിരുദ്ധ വികാരവുമില്ല’– ഫലം വന്നതോടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണത്തിലെ ഊന്നൽ ശ്രദ്ധേയമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ കെ.രാധാകൃഷ്ണൻ നേടിയ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം യു.ആർ.പ്രദീപ് 12,000 ആയി വർധിപ്പിച്ചതും അദ്ദേഹം എടുത്തു പറഞ്ഞു. എല്ലാം സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നു സ്ഥാപിക്കാൻ ആയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം വിവാദ പരമ്പരയിൽ കുടുങ്ങി ആകെ പ്രതിരോധത്തിൽ നിന്ന സിപിഎം അതിൽ നിന്നു ശ്രദ്ധതിരിക്കാനും തിരിച്ച് കോൺഗ്രസ് ക്യാംപ് ലക്ഷ്യമാക്കി തിരിച്ചടിക്കാനും കണ്ടെത്തിയ ആയുധമായിരുന്നു ഡോ.സരിൻ. ചേലക്കരയെങ്കിലും ജയിക്കാൻ കഴിയുന്ന രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്താൻ വേണ്ടിയാണ് അവർ മുൻ കോൺഗ്രസുകാരനെ മുന്നിൽ നിർത്തിയത്. അതു സരിനും അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തെ കൈവിടില്ലെന്ന് ഫലം വന്ന ഉടൻ ഗോവിന്ദൻ പരസ്യമായി പ്രഖ്യാപിച്ചത്.

പക്ഷേ, ആ തീരുമാനവും തുടർന്നുള്ള നടപടികളും ലക്ഷ്യം നേടാൻ സഹായകരമായോയെന്ന് സംശയിക്കുന്ന പാർട്ടി കേന്ദ്രങ്ങളുണ്ട്. വിവാദ പാതിരാ റെയ്ഡ് കോൺഗ്രസിനകത്തെ ഭിന്നതകൾ ഇല്ലാതാക്കാനേ സഹായിച്ചുള്ളൂവെന്നാണ് പാർട്ടിയിലെ വികാരം. രണ്ട് സാമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പത്രങ്ങളിൽ മാത്രം അതിനിണങ്ങുന്ന തരത്തിൽ രൂപപ്പെടുത്തിയ പരസ്യം നൽകിയത് പാർട്ടിയുടെ പ്രഖ്യാപിത വർഗീയ വിരുദ്ധ നിലപാടുകൾക്കു ചേർന്നതായില്ലെന്ന് ശക്തമായ അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്.

മുൻകാലങ്ങളിൽ പാർട്ടിയിൽ തീരുമാനം ഏതെങ്കിലും തലത്തിൽ ചർച്ച ചെയ്തിട്ടായിരുന്നെങ്കിൽ ഇപ്പോൾ പല തീരുമാനങ്ങളുടെയും ഉറവിടം അജ്ഞാതമാണ്. പലതിനും നേതൃത്വത്തിന്റെ പിന്തുണയോ, അറിവു തന്നെയോ ഉണ്ടോ എന്ന സംശയം എൻ.എൻ.കൃഷ്ണദാസിനെ പോലുള്ളവരുടെ പരസ്യ വിയോജിപ്പുകൾ സൂചിപ്പിക്കുന്നു.

കക്ഷിനിലയിൽ പ്രതിഫലിക്കില്ല

തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ഒറ്റ ഉപതിരഞ്ഞെടുപ്പുപോലും നിയമസഭയിലെ കക്ഷിനില വ്യത്യാസപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ ഫലവും അങ്ങനെതന്നെ. 140 അംഗ നിയമസഭയിൽ 99 സീറ്റ് നേടിയാണ് എൽഡിഎഫ് അധികാരത്തിൽ വന്നത്. യുഡിഎഫിന് 41 സീറ്റ്. ആദ്യമുണ്ടായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പി.ടിയുടെ ഭാര്യ ഉമ തോമസ് വിജയിച്ചു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്നുള്ള പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനിലൂടെ സീറ്റ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ ഷാഫി പറമ്പിൽ രാജിവച്ച പാലക്കാട്ട് കോൺഗ്രസിന്റെ തന്നെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിലെ കെ.രാധാകൃഷ്ണൻ രാജിവച്ച ചേലക്കരയിൽ സിപിഎമ്മിലെ യു.ആർ.പ്രദീപും ജയിച്ചതോടെ സഭയിൽ വീണ്ടും തൽസ്ഥിതി. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു നിയമസഭയിലേക്ക് 8 ഉപതിരഞ്ഞെടുപ്പുകളാണു നടന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമാകാൻ രാജിവച്ച വേങ്ങര സീറ്റ് 2017 ലെ ഉപതിരഞ്ഞെടുപ്പിൽ ലീഗ് (കെ.എൻ.എ.ഖാദർ) നിലനിർത്തിയപ്പോൾ, ആർ.രാമചന്ദ്രൻനായരുടെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന ചെങ്ങന്നൂർ 2018ൽ സജി ചെറിയാൻ നിലനിർത്തി. 

എന്നാൽ 2019 ലെ പാലാ ഉപതിരഞ്ഞെടുപ്പിൽ സഭയിലെ കക്ഷിനില മാറി. കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പനിലൂടെ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ അവരുടെ അംഗബലം കൂടി. 4 എംഎൽഎമാർ ലോക്സഭയിലേക്കു ജയിച്ചതിനെത്തുടർന്നു 2 മാസത്തിനകം കോന്നി, വട്ടിയൂർക്കാവ്, അരൂർ, എറണാകുളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോഴും കക്ഷിനില മാറി. 

English Summary:

Chelakkara By-election: Resounding Victory for CPM, Boost for Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com