ADVERTISEMENT

തിരുവനന്തപുരം ∙ രണ്ട് സിറ്റിങ് സീറ്റുകളും ഗംഭീര ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ ആവേശവും ആഘോഷവും കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ. വലിയ ആവേശമില്ലെങ്കിലും ചേലക്കര നിലനിർത്തിനായതിന്റെ ആശ്വാസത്തിൽ സിപിഎം ആസ്ഥാനമായ എകെജി സെന്റർ. പ്രതീക്ഷകളെല്ലാം പാളിയതിന്റെ സങ്കടനിഴലിൽ ബിജെപി ആസ്ഥാനമായ മാരാർജി ഭവൻ. ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനം മൂന്ന് പ്രധാന പാർട്ടികളുടെയും സംസ്ഥാന ആസ്ഥാനങ്ങളിലെ വികാരം ഇതായിരുന്നു. 

കൊടിക്കുന്നിൽ സുരേഷും ജെബി മേത്തറും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വോട്ടെണ്ണൽ തുടങ്ങുന്നതിനു മു‍ൻപു തന്നെ ഇന്ദിരാഭവനിൽ എത്തിയിരുന്നു. രണ്ടു മുറികളിലായി നേതാക്കളെല്ലാം ടിവിക്കു മുൻപിൽ ഇടംപിടിച്ചതിനു പിന്നാലെ യുഡിഎഫ് കൺവീനർ എം.എം.ഹസനുമെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ജയം ഉറപ്പിച്ച ശേഷമാണു നേതാക്കൾ എഴുന്നേറ്റത്. ലഡു വിതരണം ചെയ്തായിരുന്നു ആഘോഷം. 

എകെജി സെന്ററിൽ വലിയ ആവേശമുണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ളയും രാവിലെ ഓഫിസിലെത്തി. ആദ്യഫലസൂചനകളിൽ തന്നെ ചേലക്കര വിജയം ഉറപ്പിച്ചതിന്റെ  ആശ്വാസത്തിലായിരുന്നു ആസ്ഥാനവും. അതേസമയം പാലക്കാട്ടെ സ്വതന്ത്ര രാഷ്ട്രീയ പരീക്ഷണം അമ്പേ പാളിയതിൽ നിരാശയും വ്യക്തമായിരുന്നു. സരിൻ രണ്ടാം സ്ഥാനത്തേക്കെങ്കിലും മുന്നേറുമെന്നായിരുന്നു കണക്കുകൂട്ടൽ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾത്തന്നെ ടി.പി.രാമകൃഷ്ണൻ സിഐടിയു ഓഫിസിലേക്ക് പോയി. തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ ചേലക്കരയിൽ പിടിച്ച് ഭരണവിരുദ്ധ വികാരമില്ലെന്നു സ്ഥാപിക്കാനുള്ള ധാരണയാണ് നേതൃത്വത്തിൽ രൂപപ്പെട്ടത്.  കോഴിക്കോടായിരുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് ആദ്യം ഈ വാദവുമായി രംഗത്തെത്തിയത്.

വോട്ടെണ്ണൽ പൂർത്തിയായതോടെ എം.വി.ഗോവിന്ദനും ഇത് ആവർത്തിച്ചു. പാലക്കാട് ബിജെപിക്ക് കുറഞ്ഞ വോട്ട് കോൺഗ്രസ് സ്ഥാനാർഥിക്കു ചോർത്തിയെന്ന ‘അന്തർധാര’ ആരോപണവും പരോക്ഷമായി പറഞ്ഞുവച്ചു. പി.സരിന്റെ സ്ഥാനാർഥിത്വം പാളിയില്ലെന്നും കൂട്ടായി തന്നെ ന്യായീകരിച്ചു. പക്ഷേ ഒരു ആക്ഷേപത്തിനും ഇടയില്ലാത്ത വയനാടിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ വൻ വിജയം എല്ലാവരും പ്രതീക്ഷിച്ചതാണെന്നായിരുന്നു എം.വി.ഗോവിന്ദന്റെ കൗതുകകരമായ പ്രതികരണം. വയനാട്ടിൽ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ എൽഡിഎഫിന്റെ ഏറ്റവും മോശം പ്രകടനമെന്ന നാണക്കേടിന്റെ നിഴലിലായിരുന്നു സിപിഐ ആസ്ഥാനമായ പട്ടത്തെ പിഎസ് സ്മാരകം. 

വലിയ പ്രതീക്ഷയായിരുന്ന പാലക്കാട്ടെ ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർന്നെന്ന് ആദ്യ റൗണ്ടുകളിൽ തന്നെ വ്യക്തമായതോടെ ബിജെപി ആസ്ഥാനം മ്ലാനമായി. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒരു ഘട്ടത്തിലും പിന്നിലാകില്ലെന്ന ആത്മവിശ്വാസം തകരുന്നത് നേതാക്കളും പ്രവർത്തകരും നിരാശയോടെ ടിവിയിൽ കണ്ടിരുന്നു. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ ലീഡ് കാണിച്ചെങ്കിലും ആശ്വസിക്കാൻ ഒന്നുമില്ലെന്ന തിരിച്ചറിവിലായിരുന്നു അവർ. ദേശീയതലത്തിൽ മഹാരാഷ്ട്രയിലെ മുന്നേറ്റം ആശ്വാസമായപ്പോൾ ജാർഖണ്ഡിലെ തിരിച്ചടിയിൽ മൗനമായി. പ്രമുഖ നേതാക്കളൊന്നും സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തിയതുമില്ല.

English Summary:

By-election results:Excitement at Congress, CPM offices; gloom at Mararji Hhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com