പാലക്കാട്ട് തോറ്റെന്ന് പറയാൻ സിപിഎം തയാറാകണം: രാഹുൽ മാങ്കൂട്ടത്തിൽ
Mail This Article
പുതുപ്പള്ളി ∙ പാലക്കാട്ട് തോറ്റു എന്നു പറയാൻ സിപിഎം ആർജവം കാണിക്കണമെന്നും വോട്ടു ചെയ്ത ജനങ്ങളെ പരിഹസിക്കരുതെന്നും പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ വിജയത്തിനു ശേഷം പുതുപ്പള്ളി വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തിയതായിരുന്നു രാഹുൽ.
എസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട് എടുത്തതു മുസ്‌ലിം ലീഗാണ്. ആ ലീഗിനൊപ്പം എസ്ഡിപിഐ ചേർന്നെന്നു പറഞ്ഞാൽ തമാശയാണ്. എസ്ഡിപിഐക്ക് എത്ര വോട്ടാണ് പാലക്കാട്ടുള്ളത്? എല്ലാത്തരം വർഗീയതയ്ക്കും എതിരായുള്ള വിജയമാണു പാലക്കാട്ടു സംഭവിച്ചത്. വർഗീയത ഇളക്കിവിടാനാണു സിപിഎമ്മും ബിജെപിയും പാലക്കാട്ടു ശ്രമിച്ചത്.
ജനങ്ങളുമായുള്ള ബന്ധത്തിന്റെ ആദ്യ മാതൃക ഉമ്മൻ ചാണ്ടിയാണ്. അത് അനുകരിക്കാൻ ശ്രമിക്കാനേ കഴിയൂ. അങ്ങനെ ഒരാളാകാൻ കഴിയില്ല. ചാണ്ടി ഉമ്മൻ വിദേശത്താണ്. അത് ഇനി വിവാദമാക്കേണ്ട. അദ്ദേഹം വിഡിയോ കോൾ ചെയ്തിരുന്നു. അടുത്തയാഴ്ച അദ്ദേഹം വരുമ്പോൾ ഒന്നു കൂടി പുതുപ്പള്ളിയിൽ വരണമെന്നു പറഞ്ഞിട്ടിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. പി.സി.വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി ജോസഫ്, കെപിസിസി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം എത്തിയിരുന്നു.