ശബരിമല: തീർഥാടകരും നടവരവും വർധിച്ചെന്ന് ദേവസ്വം പ്രസിഡന്റ്
Mail This Article
ശബരിമല ∙ മണ്ഡലകാലം 9 ദിവസം പിന്നിട്ടപ്പോൾ നടവരവിലും തീർഥാടകരുടെ എണ്ണത്തിലും വർധനയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. 41.64 കോടി രൂപയാണ് നവംബർ 23 വരെയുള്ള നടവരവ്. മുൻ വർഷത്തേക്കാൾ 13.33 കോടി രൂപയുടെ വ്യത്യാസം.
ഇക്കാലയളവിൽ സന്നിധാനത്ത് എത്തിച്ചേർന്ന ഭക്തരുടെ എണ്ണം 6.12 ലക്ഷമാണ് (6,12,290). മുൻതവണത്തേക്കാൾ 3.03 ലക്ഷം പേർ ഇത്തവണ കൂടി. 41,64,00,065 രൂപയാണ് നടവരവ്. കാണിക്കയായി ലഭിച്ചത് 13.92 കോടി രൂപയാണ് (13,92,31,625). മുൻപ് 9.31 കോടിയായിരുന്നു. അരവണ വിൽപനയിൽ 17.71 കോടി രൂപ (17,71,60,470). മുൻപ് 11.57 കോടി രൂപയായിരുന്നു. അപ്പം വിൽപനയിൽ 2.21 കോടി രൂപയാണ് ലഭിച്ചത് (2,21,30,685). മുൻ കാലയളവിൽ 1.80 കോടി രൂപയായിരുന്നു. സംതൃപ്തമായ മനസ്സോടെയാണ് തീർഥാടകർ ശബരിമല ദർശനം നടത്തി മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ പതിനായിരം പേർ എത്തുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്ത ശേഷം എത്താൻ കഴിയില്ലെങ്കിൽ റദ്ദുചെയ്യാനുള്ള അവസരം പലരും ഉപയോഗപ്പെടുത്തുന്നില്ല. ഇതിനാൽ, വെർച്വൽ ക്യു വഴി ബുക്കിങ്ങിന്റെ എണ്ണം കൂട്ടുന്നത് ഇപ്പോൾ പരിഗണനയിലില്ല. തത്സമയ ബുക്കിങ് വഴി ദിവസവും ഒട്ടേറെപ്പേർ എത്തുന്നുണ്ട്. തത്സമയ ബുക്കിങ് വഴി എത്ര പേർക്ക് വേണമെങ്കിലും വരാമെന്നും ദർശനം കിട്ടാതെ ആർക്കും തിരികെ പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.