പ്രചാരണം നയിച്ചത് യുവാക്കൾ, പിന്തുണച്ച് സീനിയർ നേതാക്കൾ; കോൺഗ്രസിന് യൂത്ത് ഫെസ്റ്റിവൽ
Mail This Article
തിരുവനന്തപുരം ∙ വെറുതേ ജയിക്കുന്നതിലല്ല, സിക്സറടിച്ചു ജയം ഉറപ്പിക്കുന്നതിലാണ് ക്രിക്കറ്റിൽ ഒരു ഫിനിഷറുടെ മികവ്. അങ്ങനെ നോക്കിയാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം നല്ല ഫിനിഷറാണു യുഡിഎഫ്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും ഭൂരിപക്ഷം ഇരട്ടി മുതൽ അഞ്ചിരട്ടി വരെയാക്കിയാണു ജയം. വയനാട്ടിലും ഭൂരിപക്ഷം ഉയർത്തിയതിനാൽ ഫിനിഷിങ് മോശമായില്ല.
പ്രചാരണം നയിക്കാൻ യുവാക്കൾ ഇറങ്ങിയതിന്റെ ‘ഇംപാക്ട്’ പാലക്കാട്ട് കണ്ടു. അടിക്കു തിരിച്ചടി എന്ന ചോരത്തിളപ്പുള്ള പ്രചാരണ രീതി. ഓരോ ദിവസവും എതിരാളികൾ ഉയർത്തിയ വിവാദങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി. സീറ്റ് ലഭിക്കാത്ത പി.സരിനെ സ്ഥാനാർഥിയാക്കിയ സിപിഎമ്മിനു സരിന്റെ അതുവരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ മാത്രം മതിയായിരുന്നു മറുപടി. പാർട്ടിയെ ചതിച്ച് എതിർ പാളയത്തിലെത്തിയ സരിനു കൈ കൊടുക്കാതെ രാഹുലും ഷാഫിയും ഇവിടെ ‘സൗഹൃദമത്സര’മല്ലെന്നു പ്രഖ്യാപിച്ചു. ട്രോളി ബാഗിൽ കള്ളപ്പണമുണ്ടെന്നാരോപിച്ച് എൽഡിഎഫിന്റെ സഹായത്തോടെ ഹോട്ടലിൽ പൊലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകത്തെ നീല ട്രോളിയുമായെത്തി സ്ഥാനാർഥി തന്നെ ‘ട്രോളി’. വിഷയം തിരിച്ചടിക്കുന്നെന്നു കണ്ടതോടെ ‘ട്രോളി ബാഗ് അടയ്ക്കാൻ’ എൽഡിഎഫ് നിർബന്ധിതരായി.
മൂന്നാം സ്ഥാനത്തുള്ള സിപിഎമ്മിനെ നേരിട്ടു സമയംകളയാതെ ബിജെപിയെ കടന്നാക്രമിക്കുകയായിരുന്നു അടുത്ത തന്ത്രം. പിണങ്ങി നിന്ന സന്ദീപ് വാരിയരെ സിപിഎം വലയിലാക്കുന്നതിനു മുൻപു രാത്രിക്കുരാത്രി സ്വന്തം പാളയത്തിലെത്തിച്ചു. സന്ദീപിനെ മോഹിച്ച് സിപിഎം നേതാക്കൾ പറഞ്ഞ നല്ല വാക്കുകൾ അവർക്കു തന്നെ വിനയായി. ഒരു നേതാവ് കൂടി ഉടൻ വരുമെന്ന അഭ്യൂഹമുയർത്തി ബിജെപിയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കാനുമായി.
എംബിബിഎസ്, സിവിൽ സർവീസ് യോഗ്യതയുള്ള സരിനെ യുവാക്കളുടെ സ്ഥാനാർഥിയാക്കി അവതരിപ്പിച്ച സിപിഎമ്മിന്റെ തന്ത്രത്തെ അങ്ങനെ തന്നെ നേരിട്ടു. സമൂഹമാധ്യമങ്ങളിൽ റീലുകളുടെ മത്സരത്തിലും രാഹുൽ മാങ്കൂട്ടത്തിൽ പിന്നിലായില്ല. മുതിർന്ന നേതാക്കൾ അണിയറയിലും യുവാക്കൾ സ്ഥാനാർഥിക്കൊപ്പം മുൻനിരയിലുമായതോടെ ‘യൂത്ത് വൈബ്’ കളം പിടിച്ചു. പാലക്കാട്ടേക്കില്ലെന്നു പരിഭവിച്ച കെ.മുരളീധരൻ ഉൾപ്പെടെയുള്ളവർ ഈ വൈബിൽ പ്രചാരണ രംഗത്തിറങ്ങി.
6 മാസത്തോളമായി ഡിസിസിക്കു നാഥനില്ലാത്ത തൃശൂർ ജില്ലയിലെ ചേലക്കരയിൽ തന്ത്രം അൽപമൊന്നു മാറ്റിയായിരുന്നു പരീക്ഷണം. ഇവിടെ കാലേകൂട്ടി മുതിർന്ന നേതാക്കളെ അയച്ചു സംഘടനാസംവിധാനം പുതുക്കിപ്പണിതു. ആറായിരത്തോളം വോട്ടുകൾ പുതിയതായി ചേർത്തതു തിരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. വയനാട്ടിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പാർട്ടി നേതാക്കൾ ക്യാംപ് ചെയ്തതിനു പുറമേ മഹിളാ കോൺഗ്രസിനെ മണ്ഡലത്തിലുടനീളം വിന്യസിച്ചു.
ഉപതിരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലെന്ന് എൽഡിഎഫ് പറയാൻ മടിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ വിലയിരുത്തലാവട്ടെ എന്നു വി.ഡി.സതീശൻ ‘റിസ്ക്’ എടുത്തത് ഈ മുന്നൊരുക്കങ്ങളുടെ ബലത്തിലാണ്. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പു മറികടന്നുള്ള സ്ഥാനാർഥി നിർണയത്തിലൂടെ പഴി കേട്ട സതീശനെയും ഷാഫി പറമ്പിലിനെയും പാലക്കാട്ടെ വൻവിജയം കരുത്തരാക്കും. എന്നാൽ കോൺഗ്രസിലെയും യുഡിഎഫിലെയും ടീം വർക്കിന്റെ വിജയം എന്നാണു പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്.
ഉപതിരഞ്ഞെടുപ്പോടെ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന ശ്രുതി കെ.സുധാകരന്റെ കാര്യത്തിലുണ്ടായിരുന്നു. ഈ വിജയം പുനർവിചിന്തനത്തിനു പാർട്ടിയെ പ്രേരിപ്പിച്ചേക്കാം. മറിച്ചാണെങ്കിലും വിജയത്തോടെ സുധാകരനു പടിയിറങ്ങാം.
സത്യപ്രതിജ്ഞ അടുത്തമാസം ആദ്യം
തിരുവനന്തപുരം ∙ നിയമസഭയിലേക്കെത്തുന്ന യു.ആർ.പ്രദീപിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ അടുത്തമാസം ആദ്യം നടത്താൻ സാധ്യത. ഇരുവരെയും തിരഞ്ഞെടുത്തെന്ന് അറിയിച്ചുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ കത്ത് നാളെ നിയമസഭയിൽ എത്തിക്കും. തുടർന്ന് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നിർദേശം കൂടി പരിഗണിച്ചാകും സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കുക. വെവ്വേറെ ദിവസങ്ങളിലാണു സത്യപ്രതിജ്ഞയെങ്കിൽ സ്പീക്കറുടെ ചേംബറിലാകും നടക്കുക. ഒരുമിച്ചെങ്കിൽ മെംബേഴ്സ് ലോഞ്ചിൽ നടത്തും.