വിവാദപരസ്യം: സിപിഎമ്മിലെ ഭിന്നത പുറത്ത്; ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്ന് കൃഷ്ണദാസ്, ന്യായീകരിച്ച് സരിൻ
Mail This Article
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തലേന്നു സിപിഎം 2 പത്രങ്ങളിൽ മാത്രം നൽകിയ വിവാദ പരസ്യത്തെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായഭിന്നത. പരസ്യം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് തുറന്നടിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും പരസ്യം നൽകാറുണ്ടെന്നും ഇത്തവണയും നൽകിയെന്നും പക്ഷേ, ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബുവും മന്ത്രി എം.ബി.രാജേഷും പരസ്യത്തെ ന്യായീകരിക്കുമ്പോഴാണു സംസ്ഥാന കമ്മിറ്റിയംഗം വ്യത്യസ്ത നിലപാട് തുറന്നുപറഞ്ഞത്.
അതേസമയം, എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ പരസ്യത്തെ ന്യായീകരിച്ചു. പരസ്യം നൽകിയത് 2 പത്രങ്ങളിൽ മാത്രമാണ് എന്ന രീതിയിലേക്കു ചർച്ച കൊണ്ടുവന്നു. ചെറിയ തുക മതി എന്നതുകൊണ്ടും പരസ്യത്തിൽ ഉന്നയിക്കുന്ന വിഷയങ്ങൾ എത്തേണ്ടത് ആ പത്രങ്ങളുടെ വായനക്കാരിലേക്കാണ് എന്നതു കൊണ്ടുമാണ് അവർക്കു നൽകിയതെന്നുമാണു സരിൻ പറഞ്ഞത്.