കൊഴിഞ്ഞാമ്പാറ: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും വിമത യോഗം
Mail This Article
കൊഴിഞ്ഞാമ്പാറ (പാലക്കാട്) ∙ കടുത്ത വിഭാഗീയതയെത്തുടർന്ന് മൂന്നു തവണ മാറ്റിവച്ച കൊഴിഞ്ഞാമ്പാറ സിപിഎം ലോക്കൽ സമ്മേളനം നടത്തിയപ്പോൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. പാർട്ടി ജില്ലാ – ഏരിയ നേതൃത്വങ്ങളെ കടന്നാക്രമിച്ച് കൊഴിഞ്ഞാമ്പാറയിൽ വീണ്ടും വിമതർ കൺവൻഷൻ നടത്തി. കൊഴിഞ്ഞാമ്പാറ ലോക്കൽ കമ്മിറ്റി 2 സമ്മേളനം നടന്നുകൊണ്ടിരിക്കേ സമാന്തരമായാണ് എതിർവിഭാഗം കൺവൻഷൻ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ എം.സതീഷ്, ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വി.ശാന്തകുമാർ, പഞ്ചായത്തംഗം എസ്.മുഹമ്മദ് ഫാറൂഖ്, എൻ.വിജയാനന്ദ് എന്നിവരാണ് കൺവൻഷനു നേതൃത്വം നൽകിയത്.
ലോക്കൽ കമ്മിറ്റി 2ലെ 17 ബ്രാഞ്ചുകളിൽ നിന്ന് 65 പേരെ ലോക്കൽ സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ജില്ലാ സെക്രട്ടറി ഉദ്ഘാടകനായ സമ്മേളനത്തിൽ ഇവരിൽ ഇരുപതോളം പേർ മാത്രമാണു പങ്കെടുത്തത്. ക്വോറം തികയ്ക്കാൻ പാർട്ടിപ്രവർത്തകരെ വിളിച്ചുകൂട്ടിയാണു പ്രതിനിധി സമ്മേളനം നടത്തിയതെന്ന് എതിർവിഭാഗം ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കാതിരുന്നിട്ടും പ്രതിനിധിസമ്മേളനം നടത്തിയതു പാർട്ടി ഭരണഘടനാ വ്യവസ്ഥകൾക്ക് എതിരാണ്.
യോഗത്തിലെ 20 പേരിൽ നിന്നാണ് 13 ലോക്കൽ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയുടേത് ധിക്കാരപരമായ സമീപനമാണെന്നും പല കാര്യങ്ങളും അടിച്ചേൽപ്പിച്ച് പ്രവർത്തകരെ അടിമകളെപ്പോലെയാണു കാണുന്നതെന്നും വിമതവിഭാഗം പരസ്യമായി ആഞ്ഞടിച്ചു. കോൺഗ്രസ് വിട്ട് 2023 ൽ സിപിഎമ്മിൽ അംഗത്വമെടുത്തയാളെ നേതൃസ്‌ഥാനത്തേക്കു കൊണ്ടുവന്നതോടെയാണു പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തു വന്നത്.