ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ 124 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ലോക്സഭയിൽ ആന്റോ ആന്റണി, ബെന്നി ബഹനാൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണു മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രതികരണം. കടുവയുടെ ആക്രമണത്തിൽ 2 പേർ മരിച്ചു. എന്നാൽ, ആനയും കടുവയും ഒഴികെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കു വ്യക്തമാക്കിയിട്ടില്ല. അതേസമയം, ട്രെയിൻ തട്ടിയും വൈദ്യുതാഘാതമേറ്റും 5 വർഷത്തിനിടെ സംസ്ഥാനത്ത് 34 ആനകൾ ചരിഞ്ഞിട്ടുണ്ട്. 

വന്യജീവി ആക്രമണത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 10 ലക്ഷം ആയി കൂട്ടിയെന്നും ഇതിൽ 60% കേന്ദ്രവും 40 % സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും മറുപടിയിൽ വ്യക്തമാക്കി. ആളുകൾ മരിച്ച എല്ലാ കേസിലും സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകിയോ എന്ന വിവരം കേന്ദ്രസർക്കാരിന്റെ പക്കലില്ല. നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം പ്രത്യേകമായി സംസ്ഥാനങ്ങൾക്കു നൽകുന്നില്ല. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട സ്കീമുകളിൽ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നു പറഞ്ഞ മന്ത്രി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുകൾ കൈക്കൊള്ളുന്ന നടപടികളും വിശദീകരിച്ചു. 

620 കോടി അനുവദിക്കണമെന്ന് നിവേദനം



മനുഷ്യ– വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി കേരള സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച 620 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര വനം മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇടുക്കി ഉൾപ്പെടെ മലയോര മേഖലയിൽ അതിരൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ പ്രതിരോധ മാർഗങ്ങൾ യാഥാർഥ്യമാക്കുന്നതിന് ധനസഹായം അത്യാവശ്യമാണ്. അനുഭാവപൂർണമായ നടപടിയുണ്ടാവുമെന്ന് മന്ത്രി അറിയിച്ചതായും ഡീൻ പറഞ്ഞു 

English Summary:

124 people killed in elephant attacks in 5 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com