കരാർ ലംഘനം: അദാനിക്കു പിന്നാലെ ടാറ്റയ്ക്കും കോടികളുടെ പിഴയിളവ് നൽകി സർക്കാർ
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി വൈകിച്ച അദാനി ഗ്രൂപ്പിനു കോടികളുടെ പിഴ ഒഴിവാക്കി നൽകിയതിനു പിന്നാലെ ടാറ്റയ്ക്കും പദ്ധതി വൈകിയതിനു പിഴ ഒഴിവാക്കി സംസ്ഥാന സർക്കാർ. ടെക്നോപാർക്കിൽ പാട്ടത്തിന് അനുവദിച്ച 94 ഏക്കറിലെ പദ്ധതി നടത്തിപ്പിൽ ടാറ്റാ കൺസൽറ്റൻസിയുടെ കരാർ ലംഘനത്തിനു 45.38 കോടി രൂപ പിഴയിട്ട നടപടി മരവിപ്പിച്ചു.
ടെക്നോപാർക്ക് സിഇഒയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു തീരുമാനം. കരാർ പ്രകാരം 2023 ജൂണിൽ ഒന്നാംഘട്ട കെട്ടിട നിർമാണം പൂർത്തിയാക്കാത്തതിനാലാണു പിഴയിട്ടത്. എന്നാൽ ഈ ഡിസംബർ 31ന് അകം കമ്പനി ഒന്നാംഘട്ടം പൂർത്തീകരിക്കുമെന്നു ടെക്നോപാർക്ക് സിഇഒ സർക്കാരിനു നൽകിയ ഉറപ്പിലാണു പിഴ മരവിപ്പിച്ചത്. സമയപരിധി ഡിസംബർ വരെ നീട്ടി നൽകുകയും ചെയ്തു.
ടെക്നോപാർക്കിന്റെ ഭാഗമായ ടെക്നോ സിറ്റിയിൽ 2010ലും 2012ലുമായി 97 ഏക്കർ ഭൂമിയാണു ടാറ്റയ്ക്കു സർക്കാർ പാട്ടത്തിനു നൽകിയിരുന്നത്. വർഷം 15000 വരെ ഐടി പ്രഫഷനലുകൾക്കു പരിശീലനം നൽകുന്ന ട്രെയിനിങ് കേന്ദ്രം ആരംഭിക്കുന്ന പദ്ധതിക്കായി വിഎസ് സർക്കാരിന്റെ കാലത്താണ് ആദ്യം ഭൂമി അനുവദിച്ചത്. പദ്ധതി യാഥാർഥ്യമാകാത്തതിനാൽ ഉപേക്ഷിച്ചു. പകരമാണ് ഇതേ സ്ഥലത്ത് എൻജിനീയറിങ്, പ്രോഡക്ട് ഡവലപ്മെന്റ്, ഐടി സേവനങ്ങൾ തുടങ്ങാനുള്ള പദ്ധതിനിർദേശം ടാറ്റാ കൺസൽറ്റൻസി പിണറായി സർക്കാരിനു മുൻപിൽ വച്ചത്.
സർക്കാരിന്റെ എയ്റോ സ്പേയ്സ് പദ്ധതിക്കായി മൂന്നേക്കർ തിരികെ ഏറ്റെടുത്തശേഷം 94 ഏക്കർ 2021ൽ വിട്ടു നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയായില്ലെങ്കിൽ പിഴ ചുമത്തുമെന്നു കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു.
പിഴയിട്ടതോടെ, നിർമാണത്തിൽ ഗണ്യമായ പുരോഗതിയുണ്ടെന്നും കമ്പനി 440 കോടി രൂപ ചെലവിട്ടെന്നും ചൂണ്ടിക്കാട്ടി ടെക്നോ പാർക്ക് സിഇഒ സർക്കാരിനെ സമീപിച്ചു. പിഴയിളവ് നൽകാൻ ടെക്നോപാർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രമേയവും പാസാക്കി. തുടർന്നാണ്, പ്രത്യേക കേസായി പരിഗണിച്ച് സമയപരിധി ഒന്നരവർഷം നീട്ടിക്കൊണ്ടും പിഴ മരവിപ്പിച്ചുകൊണ്ടും ഐടി വകുപ്പ് തീരുമാനമെടുത്തത്.
വിഴിഞ്ഞം തുറമുഖം നിശ്ചിത സമയത്തു പൂർത്തീകരിക്കാത്തതിന് അദാനി ഗ്രൂപ്പിനു 911 കോടി രൂപ പിഴ നിശ്ചയിച്ച സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ ഒത്തുതീർപ്പിന്റെ ഭാഗമായി പിഴത്തുക 43.8 കോടിയായി വെട്ടിക്കുറച്ചിരുന്നു. തുറമുഖം കമ്മിഷൻ ചെയ്യാനുള്ള സമയപരിധി 2019 ഡിസംബർ എന്നത് അദാനിയുടെ ആവശ്യം അംഗീകരിച്ച് 2024 ഡിസംബറിലേക്കു നീട്ടി നൽകുകയും ചെയ്തു.