തിരഞ്ഞെടുപ്പ് അവലോകനം ഡിസംബർ ആദ്യവാരമെന്ന് കെ.സുരേന്ദ്രൻ
Mail This Article
കൊച്ചി∙ സംസ്ഥാനത്തു വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങളുടെ അവലോകനം ഡിസംബർ 6,7 തീയതികളിൽ കൊച്ചിയിൽ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ നടക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. എല്ലാ ബൂത്തുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രാദേശിക ഘടകങ്ങളിൽനിന്നു ലഭിച്ച ശേഷമാകും അവലോകനം.
ഇന്നലെ കൊച്ചിയിൽ സംഘടനാ തിരഞ്ഞെടുപ്പു കാര്യങ്ങൾ ചർച്ച ചെയ്യാൻ നടന്ന നേതൃയോഗം ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എന്നിവരുടെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, എല്ലാ സംഘടനകളുടെ യോഗങ്ങളിലും എല്ലാവരും പങ്കെടുക്കാറുണ്ടോ എന്ന മറുചോദ്യമായിരുന്നു ഉത്തരം.
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കേരളത്തിലെ എംപിമാർ പാർലമെന്റിൽ കൈ ഉയർത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നതായി സുരേന്ദ്രൻ പറഞ്ഞു. അതിനു തയാറായില്ലെങ്കിൽ എംപിമാരുടെ ഓഫിസിലേക്കു മാർച്ച് നടത്തും.
സംസ്ഥാന നേതൃയോഗം കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ വി.മുരളീധരൻ,കുമ്മനം രാജശേഖരൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, പി.സുധീർ, നേതാക്കളായ പി.സി.ജോർജ്, നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
ചർച്ചയിൽ വിമർശനം
കൊച്ചി∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു പ്രചാരണ പ്രവർത്തനങ്ങളെന്നും ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാന പ്രസിഡന്റിനു കഴിയണമെന്നും ബിജെപി സംസ്ഥാന ശിൽപശാലയിൽ വിമർശനം. സന്ദീപ് വാരിയർ പാർട്ടി വിടാനുണ്ടായ സാഹചര്യം ഒഴിവാക്കാവുന്നതായിരുന്നെന്നും ചിലർ പറഞ്ഞു. അതിനിടെ, പാർട്ടിയെക്കുറിച്ചു തെറ്റായ വാർത്തകൾ നൽകുന്നുവെന്നു കെ.സുരേന്ദ്രൻ മാധ്യമങ്ങളെ വിമർശിച്ചു.