നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മുഖ്യമന്ത്രിക്കു പരാതി നൽകി
Mail This Article
പോത്തൻകോട് (തിരുവനന്തപുരം ) ∙ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ് ബിഎസ്‍സി അവസാന വർഷ വിദ്യാർഥിനി പോത്തൻകോട് അയിരൂപ്പാറ രാമപുരത്തു പൊയ്ക ശിവം വീട്ടിൽ അമ്മു എ.സജീവ് (21) ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, ഡോ.ആർ.ബിന്ദു എന്നിവർക്കു പരാതി നൽകി. അമ്മുവിന്റെ അച്ഛൻ ടി.സജീവ്, അമ്മ വി.എൻ.രാധാമണി, പോത്തൻകോട് പഞ്ചായത്തംഗം ബിന്ദു സത്യൻ എന്നിവരാണ് നേരിട്ടു പരാതി നൽകിയത്.
മുഖ്യമന്ത്രിക്കു പരാതി നൽകുമ്പോൾ നെടുമങ്ങാട് എംഎൽഎ കൂടിയായ മന്ത്രി ജി.ആർ.അനിലും ഉണ്ടായിരുന്നു. മകൾക്കു നേരിട്ട ദുരനുഭവങ്ങൾ വിശദമായി പറഞ്ഞുകൊണ്ടുള്ള പരാതിയാണ് നൽകിയത്. നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. ഹോസ്റ്റൽ വാർഡൻ തുടക്കം മുതൽ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ 15ന് വൈകിട്ട് നാലരയോടെയാണ് അമ്മു വീണതായി പറയുന്നത്. ഹോസ്റ്റലിലെ പടിക്കെട്ടിൽ നിന്നു വീണെന്നും കാലിൽ ഒരു പൊട്ടലുണ്ടെന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിൽക്കുകയാണെന്നുമാണ് തുടക്കത്തിൽ വാർഡൻ സുധാമണി പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. അമ്മുവിന് ജനറൽ ആശുപത്രിയിൽ കാര്യമായ പരിശോധനയോ ചികിത്സയോ ലഭിച്ചിച്ചില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മ രാധാമണി പറയുന്നത്. വാർഡൻ ആരെയൊക്കെയോ സംരക്ഷിക്കാൻ തുടക്കം മുതൽ ശ്രമിച്ചുവെന്നും ഹോസ്റ്റലിന് ഉള്ളിലാണ് മകൾക്ക് ദുരനുഭവം നേരിട്ടതെന്നും രക്ഷിതാക്കൾ പറയുന്നു.
അമ്മുവിനെ ആശുപത്രിയിലെത്തിക്കുമ്പോൾ അവളുടെ എല്ലാ വസ്ത്രങ്ങളും ബാഗിലാക്കി കൊണ്ടു വന്നതെന്തിനെന്ന് അച്ഛൻ സജീവ് ചോദിക്കുന്നു. അമ്മുവിന്റെ മുറിയിൽ പൊലീസ് എത്തും മുൻപ് ആരൊക്കെയോ കയറി പരിശോധന നടത്തി. ബുക്കിൽ ‘ഐ ക്വിറ്റ് ’ എന്നെഴുതിയ കയ്യക്ഷരവും അമ്മുവിന്റേതല്ല. പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ ഭാഗത്തും അനാസ്ഥയുണ്ട്. അതു സംബന്ധിച്ചും ഹോസ്റ്റൽ കേന്ദ്രീകരിച്ചും അന്വേഷണം വേണം. മകൾ ആത്മഹത്യ ചെയ്യില്ലെന്നു സജീവും രാധാമണിയും മുഖ്യമന്ത്രിയോടും രണ്ടു മന്ത്രിമാരോടും ഉറപ്പിച്ചു പറഞ്ഞു.