ഇഎസ്എ: 1,403 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കാൻ കേരളത്തിന്റെ ശുപാർശ
Mail This Article
തിരുവനന്തപുരം ∙ നിലവിലെ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) ഭൂപടത്തിൽനിന്ന് 98 വില്ലേജുകളിലായി 1,403.01 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കാൻ കേരളത്തിന്റെ ശുപാർശ. ജില്ലാതല സൂക്ഷ്മ സമിതികൾ നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന പരിസ്ഥിതി വകുപ്പ് ജില്ലകളിൽ പരിശോധനയ്ക്കായി നൽകിയ കരടു റിപ്പോർട്ടിലും കേരളം ഭേദഗതി വരുത്തി. മുഖ്യമന്ത്രിയുടെ അംഗീകാരം കൂടി ലഭിച്ച ശേഷമാണ് പരിസ്ഥിതി വകുപ്പ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിക്ക് ഈ മാസം രണ്ടിന് അന്തിമ റിപ്പോർട്ട് കൈമാറിയത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ശുപാർശ കേന്ദ്രം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
ജില്ലകളിൽ പരിശോധനയ്ക്കായി നൽകിയ കരടുറിപ്പോർട്ട് പ്രകാരം കേരളത്തിലെ 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എയായി കണക്കാക്കിയിരുന്നു. തുടർന്ന്, പഞ്ചായത്തുകളുടെ അഭ്യർഥന പ്രകാരം ചില ഭേദഗതികൾ വരുത്താൻ തീരുമാനിച്ചു. ഇതു പ്രകാരം 121.29 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി ഇഎസ്എയിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ തയാറാക്കി. ഇപ്രകാരം കേരളത്തിന്റെ ഇഎസ്എ 8590.69 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രമാണെന്നു രേഖപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്.
ജനവാസ മേഖലകൾ ഒഴിവാക്കി, വനമേഖലയിൽ മാത്രം നിജപ്പെടുത്തി കേരളത്തിന്റെ ഇഎസ്എ വിജ്ഞാപനം ചെയ്യുന്നതിന് ആവശ്യമായ കരട് നിർദേശങ്ങൾ കേന്ദ്രത്തിന്റെ വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കായി കേരളം സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്തിമ റിപ്പോർട്ട് കൂടി കൈമാറിയത്.