ഭൂമി തരംമാറ്റം: അനുകൂല തീരുമാനം ഉടൻ
Mail This Article
കൊച്ചി ∙ പ്രമാണത്തിലെ നിലം പുരയിടമാക്കി തരംമാറ്റുന്നതിനു സഹായകമായ പൊതുതീരുമാനം വൈകാതെയുണ്ടാകുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചു. ടൂറിസം–ഐടി രംഗങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി മദ്യനയം ഉദാരവൽക്കരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കി. ഐടി പാർക്കുകളുടെ വികസനത്തിനു ലാൻഡ് പൂളിങ് ഉൾപ്പെടെയുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നും കൊച്ചിയിൽ മലയാള മനോരമയുടെ ‘വികസന കുരുക്ക് അഴിക്കാൻ’ സെമിനാറിൽ വിദഗ്ധരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി അറിയിച്ചു.
വ്യവസായസൗഹൃദ സമീപനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമതായെങ്കിലും വ്യവസായ രംഗത്ത് ഒന്നാമതായിട്ടില്ല. എങ്കിലും ഒത്തുപിടിച്ചാൽ 10 വർഷത്തിനകം കേരളത്തെ ഹൈടെക് വ്യവസായ ഹബ്ബാക്കാം. നാൽപതോളം ആഗോള വൻകിട വ്യവസായങ്ങൾ കേരളത്തിൽ ഗവേഷണകേന്ദ്രം ആരംഭിച്ചത് അതിലേക്കുള്ള സൂചനയാണ്. അനുമതികൾ നേടാൻ മൂന്നര വർഷം സാവകാശം, വ്യവസായ പാർക്കുകളിലെ സ്ഥലത്തിന്റെ പാട്ടത്തുകയടവിൽ 2 വർഷം മൊറട്ടോറിയം, തവണകളായുള്ള തിരിച്ചടവുസൗകര്യം തുടങ്ങിയ വ്യവസായസൗഹൃദ നടപടികൾക്കു മാധ്യമങ്ങൾ പ്രചാരം നൽകണമെന്നു മന്ത്രി അഭ്യർഥിച്ചു.
കെ–റെറ (കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി) ചെയർമാൻ പി.എച്ച്.കുര്യൻ മോഡറേറ്ററായിരുന്നു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റർ റിയാദ് മാത്യു, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോകനാഥ് ബെഹ്റ, ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി ആർ.ഗിരിജ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ലുലു ടെക് പാർക്ക് സിഇഒ അഭിലാഷ് വലിയവളപ്പിൽ, സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ.വിജു ജേക്കബ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, കെഎസ്ഐഡിസി ജനറൽ മാനേജർ ആർ.പ്രശാന്ത്, ബിൽഡർമാരായ മാത്യു ചാക്കോള, തോമസ് ചാക്കോ, തങ്കച്ചൻ തോമസ്, സാമൂഹിക പ്രവർത്തകൻ അർജുൻ പി.ഭാസ്കർ തുടങ്ങിയവർ സംബന്ധിച്ചു.