ADVERTISEMENT

മൂന്നാർ ∙ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. മൂന്നാർ ന്യൂനഗറിൽ വി.വിഘ്നേശ് (27) ആണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചതും ചവിട്ടേറ്റ് കരളിനു മുറിവു സംഭവിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നുവരികയാണ്.

 തിങ്കളാഴ്ച രാവിലെയാണ് ന്യൂനഗറിൽ വി.സൂര്യയെ (24) വീടിനുള്ളിൽ  മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മയ്ക്കും വിഘ്നേശിനുമൊപ്പമായിരുന്നു സൂര്യ താമസിച്ചിരുന്നത്.  തൂങ്ങിമരിച്ചുവെന്നായിരുന്നു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞത്. എന്നാൽ തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും പൊലീസിനു കണ്ടെത്താനായില്ല. മുറിയിൽ ബലപ്രയോഗം നടന്നതിന്റെയും മറ്റും തെളിവുകൾ ഫൊറൻസിക്, പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സഹോദരനെയും അമ്മയെയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച് വിവരം പുറത്തുവന്നത്.

കൂലിപ്പണിക്കാരായ സഹോദരങ്ങൾ തമ്മിൽ മദ്യലഹരിയിൽ വഴക്കുണ്ടാകുന്നതു പതിവായിരുന്നുവെന്നും പലപ്പോഴും വിഘ്നേശ് സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി.  ഞായറാഴ്ച രാത്രി വിഘ്നേശ് അമ്മയോട് സമീപത്തുള്ള സഹോദരിയുടെ വീട്ടിൽ പോകാൻ നിർദേശിച്ചു. അമ്മ പോയശേഷം രാത്രി 10നും 11നും ഇടയിലാണ് ഇയാൾ കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.

പിന്നീട് രാത്രി വിഘ്നേശ് അമ്മയെ വിളിച്ചുവരുത്തിയ ശേഷം  മുൻപിൽ വച്ച് നിലത്ത് അബോധാവസ്ഥയിൽ കിടന്നിരുന്ന സൂര്യയെ ശക്തിയായി ചവിട്ടി. ചവിട്ടേറ്റ് ഇയാളുടെ കരളിനു മുറിവേറ്റിരുന്നു. സംഭവത്തിനു ശേഷം പിറ്റേന്ന് പുലർച്ചെ പ്രതി വീട്ടിൽ നിന്നു ജോലിക്കെന്ന പേരിൽ സ്ഥലംവിട്ടിരുന്നു. പൊലീസാണ് പിന്നീട് ഇയാളെ ടൗണിൽ നിന്നു പിടികൂടിയത്.

ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി പിന്നീട് കസ്റ്റഡിയിൽ വാങ്ങും. മൂന്നാർ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന പിതാവ് വേളാങ്കണ്ണി ഈയിടെയാണു മരിച്ചത്. ഇദ്ദേഹത്തിന്റെ ക്ഷേമനിധി വിഹിതമായി ലഭിക്കുന്ന 12 ലക്ഷത്തിലധികം രൂപയുടെ നോമിനികൾ മക്കളാണ്. ഈ പണം തട്ടിയെടുക്കാൻ വേണ്ടിയാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിവൈഎസ്പി അലക്സ് ബേബി, എസ്എച്ച്ഒ രാജൻ കെ.അരമന, എസ്ഐ അജേഷ് കെ.ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.

English Summary:

Brother arrested for murder in Munnar: Police suspect financial motive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com