വിവരാവകാശം: ഓൺലൈൻ ചോദ്യങ്ങൾക്കു മറുപടിയില്ല; വകുപ്പുകൾ ‘വിവരമറിയു’മെന്ന് ചീഫ് സെക്രട്ടറി
Mail This Article
തിരുവനന്തപുരം ∙ ഓൺലൈനായി വിവരാവകാശ അപേക്ഷ സ്വീകരിക്കാനും വിവരങ്ങൾ കൈമാറാനും സംസ്ഥാന സർക്കാർ ആരംഭിച്ച വെബ്പോർട്ടലിൽനിന്നു വിട്ടുനിൽക്കുന്ന വകുപ്പുകളുടെ പേരുകൾ സുപ്രീം കോടതിക്കു കൈമാറുമെന്നു ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത, വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു നിർദേശം. എല്ലാ സംസ്ഥാനങ്ങളും വിവരാവകാശ അപേക്ഷ സ്വീകരിക്കുന്നതിനായി ഓൺലൈൻ സൗകര്യം ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി കേരളം നടപ്പാക്കിയിട്ടുണ്ടെന്നു യോഗം വിലയിരുത്തി. എന്നാൽ, പല വകുപ്പുകളും സ്ഥാപനങ്ങളും വിട്ടുനിൽക്കുകയാണ്.
ഫയൽ നീക്കത്തിനായുള്ള ഇ ഓഫിസ് സംവിധാനത്തിന്റെ ഭാഗമായാണ് ആർടിഐ പോർട്ടൽ പ്രവർത്തിക്കുന്നത്. ഇ ഓഫിസ് സംവിധാനമില്ലാത്തിടത്ത് ആർടിഐ പോർട്ടലില്ല. ഇത്തരം ഓഫിസുകളിൽ ഉടൻ ഇ ഓഫിസ് നടപ്പാക്കണമെന്നും അല്ലെങ്കിൽ പകരമായി മറ്റൊരു ആർടിഐ പോർട്ടൽ ആരംഭിക്കണമെന്നും പൊതുഭരണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. https://rtiportal.kerala.gov.in/ എന്ന ലിങ്കിലാണ് ആർടിഐ പോർട്ടൽ പ്രവർത്തിക്കുന്നത്. പോർട്ടലിലൂടെയുള്ള അപേക്ഷകൾക്ക് പല വകുപ്പുകളും പ്രതികരിക്കുന്നില്ലെന്ന പരാതിയുണ്ട്. അപേക്ഷ തള്ളിയാൽ ഓൺലൈനായിത്തന്നെ അപ്പീൽ നൽകാനുള്ള സംവിധാനം പോർട്ടലിൽ ഇല്ല. കേന്ദ്രസർക്കാരിനു കീഴിലെ ഓൺലൈൻ പോർട്ടിലിൽ അപേക്ഷയും ഒന്നാം അപ്പീലും രണ്ടാം അപ്പീലുമൊക്കെ ഓൺലൈനായിത്തന്നെ സമർപ്പിക്കാം.
ഫയൽ മുക്കാൻ പല വഴി
വിവരം നൽകാതിരിക്കാൻ, റിപ്പോർട്ട് അംഗീകരിച്ചിട്ടില്ലെന്ന വിചിത്ര കാരണവുമായി സർക്കാർ. സമീപകാലത്തു വിവാദമായ മിക്ക റിപ്പോർട്ടുകളും ഇൗ കാരണം പറഞ്ഞാണു സർക്കാർ തടഞ്ഞുവച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടും റോഡ് ക്യാമറ വിവാദത്തെത്തുടർന്നുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ടും ഇത്തരത്തിൽ സർക്കാർ മുക്കി. പങ്കാളിത്ത പെൻഷൻ സംബന്ധിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും മൂടിവയ്ക്കാൻ ശ്രമിച്ചെങ്കിലും സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ സുപ്രീംകോടതി വരെ പോയി അനുകൂല ഉത്തരവു വാങ്ങിയാണ് റിപ്പോർട്ട് പുറത്തെത്തിച്ചത്.