വാർഡ് വിഭജനം: തീരദേശത്തെ ആയിരക്കണക്കിന് വീടുകൾ ഒഴിവാക്കി; കോൺഗ്രസ് കോടതിയിലേക്ക്
Mail This Article
തിരുവനന്തപുരം ∙ തദ്ദേശസ്ഥാപന വാർഡ് വിഭജനത്തിൽ തീരമേഖലയിലെ വീടുകൾ രേഖപ്പെടുത്തിയതിൽ വീഴ്ചയുണ്ടെന്നു കാട്ടി കോൺഗ്രസ് കോടതിയിലേക്ക്. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ ആയിരക്കണക്കിനു വീടുകളെ ഒഴിവാക്കിയതായി കോൺഗ്രസിന്റെ തദ്ദേശസ്ഥാപന വിഭാഗമായ രാജീവ് ഗാന്ധി പഞ്ചായത്തിരാജ് എന്ന സംഘടന കണ്ടെത്തി. ജനസംഖ്യയുടെ തുല്യ വിഭജനത്തിലൂടെ വാർഡ് രൂപീകരിക്കണമെന്ന ഭരണഘടനയുടെ 243 സി വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നു കാട്ടിയാവും ഹൈക്കോടതിയിൽ ഹർജി നൽകുക.
പ്രധാന വാദമായി തീരമേഖലയിലെ ഈ സാഹചര്യം ചൂണ്ടിക്കാട്ടും. തങ്ങൾക്കു സ്വാധീനമുള്ള മേഖലയിൽ വാർഡുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടാനാണു കോൺഗ്രസ് തീരുമാനം. വാർഡ് വിഭജനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് തുടക്കം മുതൽ കോൺഗ്രസ് ആരോപിക്കുന്നുണ്ട്. രാഷ്ട്രീയത്തിനു പിന്നാലെ വിഷയം നിയമ പോരാട്ടത്തിനും വഴി തുറക്കുകയാണ്.
തീരപരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ അനധികൃതമെന്നു കണക്കാക്കിയ വീടുകളാണ് വാർഡ് വിഭജനത്തിൽ പരിഗണിക്കാതിരുന്നത്.