മുനമ്പം: ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു; താമസക്കാരുടെ അവകാശം മുഖ്യം
Mail This Article
തിരുവനന്തപുരം ∙ മുനമ്പത്തെ ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്നു ശുപാർശ ചെയ്യണമെന്നു ജുഡീഷ്യൽ അന്വേഷണ കമ്മിഷനോട് സർക്കാർ നിർദേശിച്ചു. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മിഷനായി നിയമിച്ചുകൊണ്ട് ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സർക്കാരിന്റെ നിലപാടു കൂടി വ്യക്തമായത്. 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ സർക്കാർ നിശ്ചയിക്കാത്തതു കൊണ്ടും നിയമന വിജ്ഞാപനം ഇറക്കാത്തതിനാലും പ്രവർത്തനം തുടങ്ങാനായിട്ടില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഭൂമിയുടെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ കമ്മിഷൻ പരിശോധിക്കണമെന്നും താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. വഖഫ് ബോർഡ് നൽകിയ കത്തും കോടതി നിർദേശവും കാരണം, മുനമ്പത്ത് വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കരം സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നു വിജ്ഞാപനത്തിനൊപ്പമുള്ള വിശദീകരണത്തിലുണ്ട്. ഇതിനു ശാശ്വത പരിഹാരം കണ്ടെത്താനാണ് കമ്മിഷനെ നിയോഗിക്കുന്നത്.
മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും താമസക്കാർക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഉറപ്പു നൽകിയിരുന്നു. കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ വഖഫ് നോട്ടിസുകൾ അയയ്ക്കരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജുഡീഷ്യൽ കമ്മിഷനോടു പൂർണമായും സഹകരിക്കുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മുനമ്പം ഭൂ സംരക്ഷണ സമിതി അറിയിച്ചു. എത്രയും വേഗം പ്രശ്നം പരിഹരിക്കുന്നതിനാണു സമിതി മുൻഗണന നൽകുന്നതെന്നും ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ പറഞ്ഞു