ഇ.പിയുടെ ‘ആത്മകഥ’: പൊലീസിന് തലവേദന; ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പല ചോദ്യങ്ങൾക്കും ഉത്തരമില്ല
Mail This Article
തിരുവനന്തപുരം∙ രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ഇ.പി.ജയരാജന്റെ ‘ആത്മകഥ’ പൊലീസിന് പുതിയ തലവേദന. അന്വേഷണം നടത്തി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പല ചോദ്യങ്ങൾക്കും ഉത്തരമില്ല. പല കാര്യങ്ങളും വ്യക്തമല്ലാത്തതിനാൽ വീണ്ടും അന്വേഷിച്ച് വ്യക്തത വരുത്താൻ ഡിജിപി നിർദേശിച്ചു. പുസ്തകം എഴുതിയവരും പ്രസാധകരും തമ്മിലുള്ള സിവിൽ കേസിൽ തീരേണ്ട സംഭവമാണ് ഇപ്പോൾ പൊലീസിന്റെ സമയം മെനക്കെടുത്തുന്നത്. കേസെടുക്കാതെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പുസ്തകം വിറ്റാലാണ് പ്രസാധകർക്കു ലാഭം ഉണ്ടാകുന്നതെന്നിരിക്കെ, പുസ്തകത്തിന്റെ മുഴുവൻ ഭാഗവും പുറത്തായാൽ പിന്നെ അതിന് എന്താണ് പ്രസക്തിയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആദ്യ അന്വേഷണ റിപ്പോർട്ടിൽ ഇല്ല. ചോർത്തിയാൽ ആർക്കാണ് ഗുണം ഉണ്ടാകുകയെന്നതിലും വ്യക്തത വന്നില്ല.ആത്മകഥ ആരെഴുതി എന്നും പറയുന്നില്ല. ഇ.പിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്നാണ് സൂചന. ഭരണകക്ഷിയുമായി ബന്ധപ്പെട്ട തുടർ രാഷ്ട്രീയസംഭവങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊലീസിന് മറ്റു കേസുകളിലെപ്പോലെ മൊഴിയെടുക്കാനും കഴിയുന്നില്ല.