'മികവില്ലെങ്കിൽ വിരമിക്കണം'; പൊതുമേഖലാ ബാങ്കുകളിലെ കേന്ദ്ര സർക്കുലർ ചർച്ചയാകുന്നു
Mail This Article
കോട്ടയം ∙ പൊതുമേഖലാ ബാങ്കുകളുടെ ഭരണത്തിൽ ഇടപെടില്ലെന്നും അവർക്കു സ്വയംഭരണാവകാശമുണ്ടെന്നും ആവർത്തിച്ചു പറയുമ്പോഴും കേന്ദ്ര ഇടപെടൽ ശക്തമാകുന്നു. സ്ഥലംമാറ്റ നയത്തിൽ അനുഭാവപൂർവമായ നിർദേശങ്ങളുമായി ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസേവന വകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയെങ്കിലും അതിനു മുൻപിറക്കിയ 2 സർക്കുലറുകളും ബാങ്കുകളുടെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു.
ജോലിയിലെ മികവിന് ആനുപാതികമായി ഇൻസെന്റീവ്, കാര്യക്ഷമത വിലയിരുത്തി നിർബന്ധിത വിരമിക്കൽ തുടങ്ങിയ നിർദേശങ്ങളാണു സർക്കുലറുകളിലുള്ളത്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കാര്യക്ഷമത സമയാസമയം വിലയിരുത്തി മികവുപുലർത്താത്തവരെ നിർബന്ധിത റിട്ടയർമെന്റ് നൽകി വിടണമെന്നാണു നിർദേശം.
ഉദ്യോഗസ്ഥരുടെ മേൽ അനാവശ്യ സമ്മർദം സൃഷ്ടിക്കുന്നതാണു പുതിയ നിർദേശങ്ങളെന്ന് ആരോപണമുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തുണ്ട്.
50 വയസ്സ് കഴിഞ്ഞാൽ വിലയിരുത്തൽ
എസ്ബിഐയിൽ 50 വയസ്സോ 25 വർഷത്തെ സർവീസോ കഴിഞ്ഞ ഓഫിസർമാരുടെ പ്രകടനം വിലയിരുത്തണം. മറ്റു പൊതുമേഖലാ ബാങ്കുകളിൽ 55 വയസ്സോ 30 വർഷത്തെ സേവനമോ കഴിഞ്ഞ ഓഫിസർമാരുടെ പ്രവർത്തനമാണു വിലയിരുത്തേണ്ടത്.
ക്ലാർക്കുമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരുടെ കാര്യത്തിൽ എസ്ബിഐയിൽ 58 വയസ്സിനു മുകളിലുള്ളവർക്കും മറ്റു പൊതുമേഖലാ ബാങ്കുകളിൽ 57 വയസ്സിനു മുകളിലുള്ളവർക്കും നിബന്ധന ബാധകമാകും.