‘കാസ്പി’ൽ നിന്ന് പുറത്തായി; ചികിത്സ ലഭിക്കാതെ വയോജനങ്ങൾ വലയുന്നു
Mail This Article
പാലക്കാട് ∙ 70 വയസ്സു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ റജിസ്റ്റർ ചെയ്തവർക്കു സംസ്ഥാനത്തെ കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ (കാസ്പ്) ചികിത്സ ലഭിക്കാതായതോടെ ആയിരക്കണക്കിനു വയോജനങ്ങൾ പ്രതിസന്ധിയിൽ. ചികിത്സച്ചെലവിലെ കേന്ദ്ര, സംസ്ഥാന വിഹിതം സംബന്ധിച്ചു ധാരണയാകാത്തതിനാൽ കേരളത്തിൽ പദ്ധതി വൈകുന്നതാണു കാരണം.
പ്രധാനമന്ത്രി ജൻ ആരോഗ്യയോജന ഉൾപ്പെടുന്ന ആയുഷ്മാൻ ഭാരത് കേരളത്തിലെ കാസ്പുമായി ബന്ധിപ്പിച്ചാണു നടപ്പാക്കുന്നത്. കേന്ദ്രം പദ്ധതി പ്രഖ്യാപിച്ച സെപ്റ്റംബർ 11 മുതൽ വെബ് പോർട്ടൽ, അക്ഷയ കേന്ദ്രം, കോമൺ സർവീസ് സെന്റർ എന്നിവ വഴി വയോജനങ്ങൾ റജിസ്റ്റർ ചെയ്ത് ആയുഷ്മാൻ വയോവന്ദനം കാർഡ് എടുക്കുന്നുണ്ട്. എന്നാൽ, കേന്ദ്ര പദ്ധതിയിൽ അംഗമാകുന്നതോടെ കാസ്പ് ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്നു പുറത്താകും. കേന്ദ്ര, സംസ്ഥാന ധാരണയായാൽ മാത്രമേ ചികിത്സ ലഭിക്കൂ. കേന്ദ്ര പദ്ധതിയിൽ റജിസ്റ്റർ ചെയ്തവർക്കു സംസ്ഥാനത്തിന്റെ പ്രത്യേക നിർദേശമില്ലാതെ കാസ്പിൽ സൗജന്യ ചികിത്സ നൽകരുതെന്നാണ് എംപാനൽ ചെയ്ത മെഡിക്കൽ കോളജ്, സ്വകാര്യ ആശുപത്രികൾ എന്നിവർക്കു സംസ്ഥാന ആരോഗ്യ ഏജൻസി നൽകിയ നിർദേശം. റജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ ഭാവിയിൽ കേന്ദ്രപദ്ധതിയുടെ ആനുകൂല്യങ്ങൾ മുടങ്ങുമോയെന്ന ആശങ്കയിലാണു പലരും റജിസ്റ്റർ ചെയ്യുന്നത്.