ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടച്ചുമതല പൂർണമായി ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. 

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ 2022 ഏപ്രിൽ 8 ലെ സുപ്രീം കോടി വിധി നടപ്പാക്കണമെന്നാണ് ആവശ്യം. ഈ വിധിക്കു വിരുദ്ധമായാണു കഴിഞ്ഞ ദിവസം ജലശക്തി മന്ത്രാലയം ലോക്സഭയിൽ മറുപടി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതും മറ്റൊരു സംസ്ഥാനം നിയന്ത്രിക്കുന്നതുമായ അണക്കെട്ടുകളുടെ സുരക്ഷ, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള ഉത്തരവാദിത്തം ഉടമസ്ഥതയുള്ള സംസ്ഥാനങ്ങൾക്ക് ആണെന്നായിരുന്നു ലോക്സഭയിലെ മറുപടി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന സംബന്ധിച്ച് കേരളത്തിന്റെ പ്രതീക്ഷകൾക്കു തിരിച്ചടിയാകുമെന്ന് വ്യഖ്യാനിക്കാവുന്നതാണ് ഈ നിലപാട്.

മുല്ലപ്പെരിയാർ ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണ്. സമഗ്ര സുരക്ഷാ പരിശോധന തമിഴ്നാടിന്റെ ഉത്തരവാദിത്തമാകുമെന്നാണ് മന്ത്രിയുടെ മറുപടിയിൽ നിന്നു വ്യക്തമാകുന്നത്.

സുപ്രീം കോടതി വിധിയനുസരിച്ച് മേൽനോട്ടസമിതിയുടെ മുഴുവൻ ഉത്തരവാദിത്തവും കാലക്രമേണ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് നൽകണം. ഡാമിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങൾ അതോറിറ്റിയിൽ നിക്ഷിപ്തമായിരിക്കുമെന്നാണു വിധി.

English Summary:

Mullaperiyar Dam Dispute: Dean Kuriakose to approach Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com