പൊലീസ് ഉൾപ്പെട്ട കേസിൽ ഇനി ‘വിഡിയോ ഹിയറിങ്’
Mail This Article
തിരുവനന്തപുരം ∙ പൊലീസിലെ കുറ്റാരോപിതരായ ഉദ്യോഗസ്ഥർ അച്ചടക്കനടപടികളുടെ ഭാഗമായി ഇനി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ നേരിട്ടു ഹാജരാകേണ്ട. അന്വേഷണ ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നയാളും തമ്മിൽ വിഡിയോ കോൺഫറൻസിലൂടെ വാദവും മറുവാദവും പൂർത്തിയാക്കാം.
സാക്ഷികളും നേരിട്ടു ഹാജരാകേണ്ടതില്ല. അവർക്കും വിഡിയോ കോൺഫറൻസ് വിചാരണയാകാം. ഇതിനായി പൊലീസ് സ്പെഷൽ റൂളിൽ മാറ്റംവരുത്തി. പിഎസ്‌സിയും അംഗീകരിച്ചതിനാൽ ആഭ്യന്തരവകുപ്പ് ഉടൻ ഉത്തരവിറക്കും.
കേസന്വേഷണത്തിലെ പിഴവ്, അച്ചടക്കലംഘനം, പൊലീസുകാർ ഉൾപ്പെടുന്ന ക്രിമിനൽ കേസ് തുടങ്ങിയവയിൽ പൊലീസിനുള്ളിൽ അന്വേഷണം പ്രഖ്യാപിക്കാറുണ്ട്. സിവിൽ പൊലീസ് ഓഫിസറാണെങ്കിൽ അന്വേഷണ നടത്തുക തൊട്ടടുത്ത ജില്ലയിലെയോ മറ്റേതെങ്കിലും ഡിവിഷനിലെയോ ഇൻസ്പെക്ടർ ആയിരിക്കും. ഇൻസ്പെക്ടറാണ് കുറ്റാരോപണം നേരിടുന്നതെങ്കിൽ സമീപ ജില്ലകളിലെ ഡിവൈഎസ്പിയാകും അന്വേഷിക്കുക. ഡിവൈഎസ്പിക്കെതിരെയാണു കുറ്റാരോപണമെങ്കിൽ റേഞ്ച് ഐജിയുടെ മുന്നിലാണു ഹാജരാകേണ്ടത്.
ഒരു കേസിന്റെ ഹിയറിങ്ങിന് 10 തവണയെങ്കിലും ഹാജരാകേണ്ടിവരും. കുറ്റാരോപിതരാണെങ്കിലും ഇൗ ദിവസങ്ങളിലെല്ലാം ഡ്യൂട്ടിയായി പരിഗണിക്കും. യാത്രാബത്തയും നൽകും. ഇതെല്ലാം സർക്കാരിനു സാമ്പത്തികബാധ്യതയായിരുന്നു. വിഡിയോ കോൺഫറൻസ് വരുന്നതോടെ സർക്കാരിനു സാമ്പത്തികലാഭവും ഉദ്യോഗസ്ഥർക്കു സമയലാഭവുമുണ്ടാകും.
നേരിട്ടുള്ള ഹിയറിങ്ങിൽ വാദം എഴുതി രേഖപ്പെടുത്തുകയാണെങ്കിൽ വിഡിയോ കോൺഫറൻസിൽ റിക്കോർഡ് ചെയ്യാനാകും. ശിക്ഷ വരുമ്പോൾ വാദം പൂർണമായും രേഖപ്പെടുത്തിയില്ലെന്നും മറ്റുമുള്ള പരാതികളുമായി അപ്പീലിനു പോകുന്ന സ്ഥിതിക്കും വിഡിയോ റിക്കോർഡിങ് വരുന്നതോടെ മാറ്റമുണ്ടാകും.