കരുനാഗപ്പള്ളി സിപിഎം: ഏഴംഗ അഡ്ഹോക് കമ്മിറ്റി ചുമതലയേറ്റു
Mail This Article
കരുനാഗപ്പള്ളി ∙ സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു പകരം നിയമിച്ച 7 അംഗ അഡ്ഹോക് കമ്മിറ്റി ഓഫിസിലെത്തി ചുമതലയേറ്റു. അഡ്ഹോക് കമ്മിറ്റി കൺവീനറും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി. മനോഹരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.എൽ.സജികുമാർ, എ.എം.ഇക്ബാൽ, പി.ബി.സത്യദേവൻ, ജി.മുരളീധരൻ, എസ്.ആർ.അരുൺബാബു, എൻ.സന്തോഷ് എന്നിവർ ചുമതലയേറ്റ ശേഷം ആദ്യ യോഗം ചേർന്നു.
അഡ്ഹോക് കമ്മിറ്റിയെ സ്വീകരിക്കാൻ ഏരിയ കമ്മിറ്റി ഓഫിസിൽ കരുനാഗപ്പള്ളി ടൗൺ ലോക്കൽ സെക്രട്ടറി പ്രവീൺ മനയ്ക്കൽ, കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സെക്രട്ടറി ജെ.ഹരിലാൽ, ആലപ്പാട് സൗത്ത് ലോക്കൽ സെക്രട്ടറി ബി.വേണു, സിഐടിയു ഏരിയ സെക്രട്ടറി അനിരുദ്ധൻ, പട്ടികജാതി ക്ഷേമസമിതി ഏരിയ സെക്രട്ടറി എം. സുരേഷ്കുമാർ എന്നിവരെ ഉണ്ടായിരുന്നുള്ളു. പിരിച്ചുവിട്ട ഏരിയ കമ്മിറ്റിയെ അനുകൂലിക്കുന്ന 7 ലോക്കൽ കമ്മിറ്റികളിലെ സെക്രട്ടറിമാരോ, പഴയ ഏരിയ കമ്മിറ്റിയിലെ അംഗങ്ങളോ എത്തിയില്ല.
അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലോക്കൽ കമ്മിറ്റികളും ഇന്നു മുതൽ വിളിച്ചു ചേർത്തു സംഘടനാ നടപടി റിപ്പോർട്ട് ചെയ്യും. ക്ലാപ്പന പടിഞ്ഞാറ്, ക്ലാപ്പന കിഴക്ക്, ആലപ്പാട് നോർത്ത്, ആലപ്പാട് സൗത്ത്, ആലപ്പാട് നോർത്ത്, ആലപ്പാട് സൗത്ത് എന്നീ ലോക്കൽ കമ്മിറ്റികളാണ് ഇന്നു ചേരുക. മറ്റുള്ളവ നാളെ ചേരും. തുടർന്നു ഏരിയ ജനറൽ ബോഡി വിളിച്ച് റിപ്പോർട്ട് ചെയ്യും.
ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയതയെത്തുടർന്നു, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുകയും നേതൃത്വത്തെ വെല്ലുവിളിച്ചു പ്രകടനം നടത്തുകയും വരെയെത്തിയ സംഭവങ്ങളുടെ പേരിലാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനിച്ചത്. വിഭാഗീയതയ്ക്കു നേതൃത്വം നൽകിയ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ സമ്മേളനങ്ങൾക്കു ശേഷം കടുത്ത അച്ചടക്ക നടപടി വരും. പ്രകടനം നടത്തിയവർ, ചാനൽ പ്രവർത്തകരോടു പരസ്യമായി പ്രതികരിച്ചവർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളെ സമ്മേളന ഹാളിൽ പൂട്ടിയിടാൻ കൂട്ടു നിന്നവർ തുടങ്ങിയവരുടെ വിവരങ്ങൾ പാർട്ടി ശേഖരിച്ചു തുടങ്ങി. ഇവർക്കെതിരെയും നടപടി വരും. സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ജില്ലാ കമ്മിറ്റിയംഗം പി.ആർ.വസന്തൻ എന്നിവരെ അതതു കമ്മിറ്റികളിൽ വീണ്ടും ഉൾപ്പെടുത്താനും സാധ്യത വിരളമാണ്.