കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു, കൊഴിഞ്ഞാമ്പാറയിൽ സമാന്തര ലോക്കൽ സമ്മേളനം; ‘ക്രമസമാധാന’ പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് സിപിഎം
Mail This Article
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്കു പിന്നാലെ സമ്മേളനകാലത്തെ സംഘടനാ പ്രശ്നങ്ങളിൽ സിപിഎം വലയുന്നു. വിഭാഗീയതയെത്തുടർന്നു കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടപ്പോൾ, പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സമാന്തര ലോക്കൽ സമ്മേളനം നടന്നു. വിമതർ സമാന്തര ഓഫിസും തുറന്നു. ആലപ്പുഴയിലെ ഏരിയ കമ്മിറ്റിയംഗം കൂടിയായ ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഇടതുപക്ഷത്തിനൊപ്പമുണ്ടെങ്കിലും സിപിഎമ്മുമായി ചേർന്നു പ്രവർത്തിക്കാനില്ലെന്നു ബിപിന്റെ അമ്മയും ഏരിയ കമ്മിറ്റിയംഗവുമായ കെ.എൽ.പ്രസന്നകുമാരി നിലപാടെടുത്തതും സിപിഎമ്മിന് ക്ഷീണമായി.
കരുനാഗപ്പള്ളിയിൽ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതു പാർട്ടി സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം വഹിക്കാനിരിക്കുന്ന കൊല്ലത്തെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. നാളെ തുടങ്ങാനിരുന്ന ഏരിയ സമ്മേളനവും ഉപേക്ഷിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളെ സമ്മേളന ഹാളിൽ പൂട്ടിയിടുകയും നേതൃത്വത്തെ ചോദ്യം ചെയ്ത് ഏരിയ കമ്മിറ്റി ഓഫിസിലേക്കു പ്രകടനം നടത്തുകയും ചെയ്തതു സിപിഎമ്മിൽ പതിവില്ലാത്തതാണ്.
കോൺഗ്രസിൽനിന്നെത്തിയ ആളെ ജില്ലാ സെക്രട്ടറിയുടെ താൽപര്യപ്രകാരം ലോക്കൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ചാണു കൊഴിഞ്ഞാമ്പാറയിലെ കലാപം. സമാന്തര ലോക്കൽ സമ്മേളനത്തിനുശേഷം വിമതർ ഇഎംഎസ് സ്മാരകം എന്ന പേരിൽ ഓഫിസ് തുടങ്ങിയതും സിപിഎമ്മിൽ കേട്ടുകേൾവിയില്ലാത്ത സംഭവമായി.
ഭാര്യയുടെ പരാതിയിൽ നടപടിയെടുത്തതിന്റെ പേരിലാണു ബിപിൻ സി.ബാബു പാർട്ടി വിട്ടതെന്ന് ആലപ്പുഴയിലെ സിപിഎം നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പാർട്ടി കുടുംബത്തിലെ നേതാവ് ബിജെപിയിലേക്കു പോയതിനെ ലാഘവത്തോടെ കാണാനാകില്ല. മുതിർന്ന നേതാവ് ജി.സുധാകരനെ സ്വന്തം നാടായ അമ്പലപ്പുഴയിലെ ഏരിയ സമ്മേളനത്തിനു ക്ഷണിച്ചില്ലെന്ന വിവാദവും ആലപ്പുഴയിലുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിനെ തോൽപിക്കാൻ പാർട്ടിയിലെ ഒരുവിഭാഗം പ്രവർത്തിച്ചതായി സിപിഎം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ടായതാണ് മറ്റൊരു വിവാദം.
2 ഏരിയ കമ്മിറ്റി അംഗങ്ങളും മഹിള അസോസിയേഷൻ നേതാവും അടക്കമുള്ളവർ ഇതിനായി പ്രവർത്തിച്ചുവെന്ന് പേരെടുത്തു പറഞ്ഞാണ് റിപ്പോർട്ട്.