കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
Mail This Article
മൂലമറ്റം ∙ പതിപ്പള്ളി മേമ്മുട്ടം അറക്കപ്പടിക്കൽ ശശിധരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അനി നിവാസിൽ അനീഷിനു (അനിൽ–40) ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ 6 മാസം അധികം കഠിനതടവ് അനുഭവിക്കണം. തൊടുപുഴ നാലാംക്ലാസ് അഡിഷനൽ സെഷൻസ് ജഡ്ജി പി.എൻ.സീതയാണു ശിക്ഷ വിധിച്ചത്. 2020 ജനുവരി 15ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയുടെ വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന ശശിധരനെ അനീഷ് മുൻവൈരാഗ്യത്താൽ പലകകൊണ്ട് അടിച്ചുവീഴ്ത്തി വാക്കത്തി ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ പ്രതി ശശിധരന്റെ മൃതദേഹം 500 മീറ്റർ ദൂരെ ചുമന്നു കൊണ്ടുപോയി ഈറ്റക്കാട്ടിനുള്ളിലെ ചതുപ്പിൽ ഉപേക്ഷിച്ചു. ശശിധരൻ ധരിച്ചിരുന്ന വസ്ത്രം കത്തിച്ചുകളഞ്ഞു. അന്വേഷണത്തിൽ ശശിധരൻ അവസാനമായി അനീഷിനോട് ഒപ്പമായിരുന്നെന്നു പൊലീസ് കണ്ടെത്തി.
കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ശശിധരനെ കൊല ചെയ്യാൻ ഉപയോഗിച്ച ആയുധവും ശശിധരന്റെ മൊബൈൽ ഫോണും കണ്ടെത്തി. തെളിവു നശിപ്പിക്കാൻ സഹായിച്ച, പ്രതിയുടെ ഭാര്യ സൗമ്യയെ രണ്ടാം പ്രതിയാക്കിയും സംഭവം അറിഞ്ഞിട്ടും മറച്ചുവച്ച പ്രതിയുടെ സുഹൃത്ത് സോമനെ മൂന്നാം പ്രതിയാക്കിയുമാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ 2, 3 പ്രതികളെ കോടതി വിട്ടയച്ചു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി.കുര്യൻ ഹാജരായി.