കുറ്റപത്രം സമർപ്പിച്ചിട്ട് 12 വർഷം; വിചാരണ തുടങ്ങാനാകാതെ ഉണ്ണിത്താൻ വധശ്രമക്കേസ്
Mail This Article
കൊച്ചി∙ പൊലീസ്–ക്രിമിനൽ ബന്ധത്തെ കുറിച്ചു വാർത്ത പ്രസിദ്ധീകരിച്ച കൊല്ലത്തെ പത്രപ്രവർത്തകൻ വി.ബി.ഉണ്ണിത്താനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 12 വർഷം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ കേസ് ഏറ്റെടുത്ത സിബിഐ ചെന്നൈ യൂണിറ്റ് 2012 ൽ കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിനിടയിൽ കേസിലെ മുഖ്യപ്രതി ആയിരുന്ന ഡിവൈഎസ്പി: അബ്ദുൽ റഷീദിനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ നടപടിയെ ചോദ്യം ചെയ്തു ഹൈക്കോടതിയിലും നിയമ പോരാട്ടം നടക്കുകയാണ്. അബ്ദുൽ റഷീദിന് അനുകൂലമായി സിബിഐ തുടരന്വേഷണം നടത്തി വിചാരണ വൈകിപ്പിച്ചതായും ആരോപണമുണ്ട്. കുറ്റപത്രം സമർപ്പിച്ച കേസിൽ മേൽനോട്ട കോടതി കുറ്റപത്രം സ്വീകരിച്ചതിനു ശേഷം സ്വമേധയാ സിബിഐ തുടരന്വേഷണം നടത്തിയതാണ് ആരോപണങ്ങൾക്കു വഴിയൊരുക്കുന്നത്. എന്നാൽ തുടരന്വേഷണത്തിൽ പുതിയ തെളിവുകളൊന്നും ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടുമില്ല. നൽകിയ കുറ്റപത്രത്തിലെ ആരോപണങ്ങളെ തുടരന്വേഷണം കൂടുതൽ ദുർബലമാക്കുകയും ചെയ്തു.
ഇതാണു മുഖ്യപ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ വിചാരണയ്ക്കു മുൻപേ കുറ്റവിമുക്തനാകാൻ വഴിയൊരുക്കിയതെന്നും വിമർശനമുണ്ട്.സിബിഐയുടെ തുടരന്വേഷണത്തെ 2019ൽ തന്നെ വി.ബി.ഉണ്ണിത്താൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു.
ഒരു സാക്ഷിയും മറ്റൊരു പ്രതിയും കേസിൽ കക്ഷി ചേർന്നു. ഇതേ തുടർന്നാണു മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ 2021ൽ ഹൈക്കോടതിയെ സമീപിച്ചത്.കേസ് പരിഗണിക്കുന്ന ദിവസങ്ങളിൽ സിബിഐയുടെ പ്രത്യേക പ്രോസിക്യൂട്ടർ തുടർച്ചയായി ഹാജരാകാതിരുന്നതും നടപടികളെ ബാധിച്ചു. ഹൈക്കോടതിയിലെ ഒരു സ്റ്റാൻഡിങ് കൗൺസിൽ ഡിവൈഎസ്പി അബ്ദുൽ റഷീദിനു വേണ്ടി വക്കാലത്ത് ഇല്ലാതെയും മറ്റൊരു പരാതിക്കാരനു വേണ്ടി വ്യാജ വക്കാലത്തു സമർപ്പിച്ചും ഹൈക്കോടതിയിൽ ഹാജരായതു വിവാദമായി.